വേഗവരയിൽ തിളങ്ങി ഒരു പയ്യന്നൂരുകാരൻ

പയ്യന്നൂർ: മനസ്സിൽ പതിഞ്ഞ ഏതൊരു മുഖവും കാൻവാസിലേക്ക് പകർത്താൻ പയ്യന്നൂർ മണിയറ സ്വദേശി അനൂപ് ടോണിന് വെറും നിമിഷങ്ങൾ മതി. ക്യാമറയിലും ഫോണിലും ചിത്രം പകർത്തുന്ന വേഗതയിലാണ് അനൂപിന്റെ ഈ കലാവിരുത്. ലോക്ക് ടൗണിൽ ഈ വേഗ വരയിലൂടെ അനൂപ് വരച്ച് തീർത്തതാകട്ടെ ആയിരത്തിയെണ്ണൂറോളം പേരുടെ ചിത്രങ്ങളാണ്.
ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാനായാണ് അനൂപ് വേഗവര ആരംഭിച്ചത്. മനസ്സിൽ പതിയുന്ന മുഖം പേപ്പറിൽ പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ചാർക്കോൾ പെൻസിൽ കൊണ്ട് വരച്ച് തീർത്തിരിക്കും ഈ അനുഗ്രഹീത കലാകാരൻ.
അനൂപ് വരച്ച സെലിബ്രിറ്റികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വേഗവരയെക്കുറിച്ച് ജനങ്ങൾ അറിഞ്ഞത്. ഇതോടെ ചിത്രം വരച്ചു നല്കാനാവശ്യപ്പെട്ട് സ്വദേശത്തുനിന്നും വിദേശത്തു നിന്നും നിരവധിപ്പേരാണ് അനൂപിനെ വിളിക്കുന്നത്. അവരാരെയും തന്നെ അനൂപ് നിരാശരാക്കാറില്ല. സെലിബ്രിറ്റികളുടെ ചിത്രം പോലെ തന്നെ തന്റെ പ്രിയപ്പെട്ടവരുടെയും ചിത്രങ്ങൾ അനൂപ് വരച്ചുനൽകി.

ചിത്രകലയുടെ എല്ലാ രീതികളും ഈ ചെറുപ്പക്കാരനിൽ വഴങ്ങും. സ്പെയിൻ, ഇറ്റലി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച അനൂപ്, ലോകത്തിലെ തന്നെ മൂന്നാമത്തെ ആഢംബര കപ്പലായ അൽ സെയ്ദ് കപ്പലിൽ മൊറോക്കൻ ആർട്ട് വർക്കും ചെയ്തിട്ടുണ്ട്.
സ്റ്റിക്കർ കട്ടിംഗിലും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അനൂപിപ്പോൾ പതിനഞ്ച് അടി നീളവും ആറ് അടി വീതിയുമുള്ള ഗീതോപദേശം ഒരുക്കുന്നത്തിന്റെ പണിപ്പുരയിലാണ്.