ലക്ഷ്മി വിളക്ക് പോലെ ഇനി വെങ്കല വിളക്കിൽ ഗുരുവായൂരപ്പൻ്റെ പൂർണ്ണ രൂപവും

വെങ്കല ലോഹക്കൂട്ടിൽ ശ്രീ ഗുരുവായൂരപ്പൻ്റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വിളക്കൊരുക്കി യുവ ശില്പി ചിത്രൻ കുഞ്ഞിമംഗലം. ശ്രീ മഹാഭാഗവതം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളെ അസ്പദമാക്കിയാണ് വിളക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ആദ്യമായാണ്
ഗുരുവായൂരപ്പൻ വിളക്ക് രൂപകല്പനചെയ്ത് നിർമ്മിക്കുന്നത്.
ശംഖ്, ചക്ര,ഗദ,പത്മത്തോടുകൂടി വനമാലയും ,ആലവട്ടത്തോടും കൂടിയുള്ള ഭഗവാൻ്റെ രൂപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അലങ്കാരത്തിനായി ആനകൾ രണ്ടു ഭാഗത്തുനിന്നും അഭിഷേകം നടത്തുന്നതായും രണ്ട് നിലവിളക്കുകളും ,നിരവധി മയിൽപീലികൾ ചുറ്റും മുകളിലുമായി കമാനാകൃതിയിൽ വർണ്ണാഭമായി നിൽക്കുന്നതായും ശിൽപ്പത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്.

താമര ദളങ്ങളെ സൂചിപ്പിക്കും വിധമാണ് താഴത്തെ തട്ടിൻ്റെ ആകൃതി. രണ്ട് ഭാഗങ്ങളായി വ്യാളി രൂപങ്ങളും കാണാം,രണ്ട് മയിലുകൾ വിളക്കിനെ വായുവിലേക്ക് ഉയർത്തി നിൽക്കുന്ന രീതിയിൽ ചങ്ങലയോടു കൂടിയാണ് മുകൾഭാഗം, അതിനിടയിൽ ശിവസാന്നിദ്ധ്യം ആയി ഓങ്കാര രൂപവും വിളക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്.
തീർത്തും വ്യത്യസ്തമായ ഈ വിളക്ക് കുഞ്ഞിമംഗലത്തെ പരമ്പരാഗത ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിർമിച്ചത്. നിശ്ചിത അളവ് പ്രകാരം മെഴുകിൽ രൂപങ്ങൾ ഉണ്ടാക്കിയെടുക്കുകയും വിവിധ രീതിയിലുള്ള മണ്ണിൽ കരു ഉണ്ടാക്കി കൃത്യമായ അളവിൽ ചൂടാക്കിയതിനുശേഷം ഉലയിലെ മൂശയിൽ തിളച്ച ലോഹക്കൂട്ട് കൊണ്ടാണ് വിളക്ക് വാർത്തെടുക്കുന്നത്. പത്ത് കിലോ തൂക്കം വരുന്ന തൂക്ക് വിളക്ക് എട്ട് മാസത്തോളം സമയമെടുത്താണ് നിർമ്മിച്ചത്. തൂക്ക് ചങ്ങലയടക്കം 46 ഇഞ്ചാണ് വിളക്കിൻ്റെ ഉയരം .
നിരവധി ലോഹ ശില്പങ്ങൾ നിർമ്മിച്ച ചിത്രന് കേരള ക്ഷേത്രകലാ അക്കാദമി അവാർഡ് ,ഫോക് ലോർ അക്കാദമി അവാർഡ് ,സി.എഫ്.എ നാഷണൽ അവാർഡ്, സ്വർണ്ണ മെഡലുകൾ എന്നിവ നേടിയിട്ടുണ്ട്. വെങ്കലം, വെള്ളോട്,പഞ്ചലോഹം തുടങ്ങിയ ലോഹത്തിൽ ആണ് കൂടുതലും വിഗ്രഹങ്ങൾ നിർമ്മിക്കുന്നത് ലക്ഷ്മി വിളക്ക്, കെടാവിളക്ക്, ഗണപതി ,ശ്രീകൃഷ്ണൻ, മഹാവിഷ്ണു, തുടങ്ങിയ നിരവധി വിഗ്രഹ രൂപങ്ങളും ,കൂടാതെ സമര നേതാക്കളുടെ ശിൽപങ്ങളും ഇതിനുമുമ്പ് നിർമ്മിച്ചിട്ടുണ്ട്.
ആദ്യമായി രാമായണ വിളക്ക് രൂപ കൽപ്പന ചെയ്ത് നിർമ്മിച്ചത് ചിത്രൻ്റെ പിതാവ് ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ ആയിരുന്നു. ശ്രീകാന്ത് വി.വി, കിഷോർ കെ.വി എന്നിവർ ചിത്രനൊപ്പം ശില്പ നിർമാണത്തിൽ സഹായികളായി. കണ്ണൂരിലെ അർച്ചന,രാജേഷ് ദമ്പതികൾക്ക് വേണ്ടിയാണ് ആണ് വിളക്ക് രൂപകല്പനചെയ്ത് നിർമ്മിച്ചത്.
The post ലക്ഷ്മി വിളക്ക് പോലെ ഇനി വെങ്കല വിളക്കിൽ ഗുരുവായൂരപ്പൻ്റെ പൂർണ്ണ രൂപവും first appeared on Keralaonlinenews.