ഇടതുപക്ഷത്തിന് ഇത്തവണ അഞ്ച് സിറ്റിങ് സീറ്റുകള്‍ നഷ്ടമായേക്കും, ആ നിര്‍ണായക മണ്ഡലങ്ങള്‍ ഇവയാണ്..

ഇടതുപക്ഷത്തിന് ഇത്തവണ അഞ്ച് സിറ്റിങ് സീറ്റുകള്‍ നഷ്ടമായേക്കും, ആ നിര്‍ണായക മണ്ഡലങ്ങള്‍ ഇവയാണ്..

തിരുവനന്തപുരം: തുടര്‍ഭരണം ഉറപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ് ഇടതുമുന്നണി. നേരത്തെതന്നെ സ്ഥാനാര്‍ഥികളെ തീരുമാനിച്ച എല്‍ഡിഎഫിന് കാര്യമായ പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ഇല്ലാത്തത് ആശ്വാസകരമാണ്. കഴിഞ്ഞതവണത്തെ സീറ്റുകളേക്കാള്‍ ഇത്തവണ ലക്ഷ്യമാക്കുന്നുണ്ടെങ്കിലും അഞ്ചു സിറ്റിങ് സീറ്റുകളെങ്കിലും എല്‍ഡിഎഫിന് നഷ്ടമാകും.

രാമചന്ദ്രന്‍ കടന്നപ്പള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കണ്ണൂര്‍ മണ്ഡലം ഇത്തവണ യുഡിഎഫിലേക്ക് ചായുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ഇവിടെ കരുത്തുകാട്ടിയിരുന്നു. മന്ത്രികൂടിയായ കടന്നപ്പള്ളി കോണ്‍ഗ്രസ് എസ്സിന്റെ നേതാവുകൂടിയാണ്.

ഇക്കുറിയും ഇടതുപക്ഷത്തിനായി അട്ടിമറി ലക്ഷ്യമാക്കി കടന്നപ്പള്ളി ഇറങ്ങുമ്പോള്‍ 2016ല്‍ ഇവിടെ പരാജയപ്പെട്ട സതീശന്‍ പാച്ചേനി തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് വലിയ ആധിപത്യമില്ലാത്ത മണ്ഡലത്തില്‍ അഡ്വ. അര്‍ച്ചനയാണ് ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി.

വടകരയാണ് എല്‍ഡിഎഫിന് നഷ്ടമാകാന്‍ സാധ്യതയുള്ള മറ്റൊരു സീറ്റ്. ജനതാദള്‍ യു മത്സരിക്കുന്ന ഇവിടെ കഴിഞ്ഞതവണ 9,500ത്തോളം വോട്ടിന് സി കെ നാണു ജയിച്ചു. ആര്‍എംപിയുടെ കെ കെ രമയാണ് ഇത്തവണ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ജനതാദളിനായി മനയത്ത് ചന്ദ്രനും അങ്കത്തിനിറങ്ങുന്നു. എം രാജേഷ് കുമാറാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ കെ രമ നേടിയ 20,000ത്തോളം വോട്ടുകളും അതോടൊപ്പം യുഡിഎഫ് വോട്ടുകളും ലഭിക്കുകയാണെങ്കില്‍ യുഡിഎഫ് ജയിക്കും. അതേസമയം, കഴിഞ്ഞതവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡി ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. മണ്ഡലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എല്‍ജെഡി. അടിയൊഴുക്കുകളൊന്നുമുണ്ടായില്ലെങ്കില്‍ ഇവിടെനിന്നും രമ നിയമസഭയിലെത്താനാണ് സാധ്യത.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എല്‍ഡിഎഫ് അടിപതറിയേക്കാവുന്ന സീറ്റാണ്. ലീഗിന്റെ കോട്ടകളിലൊന്നായ ഇവിടെ ഇക്കുറി എം കെ മുനീര്‍ മത്സരിക്കാനിറങ്ങുന്നു. 573 വോട്ടുകള്‍ക്ക് കാരാട്ട് റസാഖ് കഴിഞ്ഞതവണ ജയിച്ച മണ്ഡലമാണിത്. ഇത്തവണയും റസാഖ് തന്നെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് ഇവിടെ കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയത്തെ സ്വാധീനിച്ചേക്കാം.

താനൂരാണ് എല്‍ഡിഎഫിന് നഷ്ടമായേക്കാവുന്ന മറ്റൊരു സിറ്റിങ് സീറ്റ്. വി അബ്ദു റഹ്മാന്‍ അട്ടിമറി ജയം നേടിയ മുസ്ലീം ലീഗിന്റെ മറ്റൊരു കോട്ടയാണ് താനൂര്‍. ഇത്തവണയും അബ്ദുറഹ്മാന്‍ ഇടതുപക്ഷത്തിനുവേണ്ടി ഇവിടെ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നു. യുഡിഎഫിനായി ലീഗിന്റെ യുവ നേതാവ് പി കെ ഫിറോസ് ആണ് ഇവിടെ മത്സരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് ഫിറോസിന്. സ്ഥാനാര്‍ഥി ഫിറോസ് ആയതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് മത്സരം ഇവിടെ നടക്കുമെന്നുറപ്പാണ്. ബിജെപിക്ക് 10,000ത്തോളം വോട്ടുകളുള്ള ഇവിടെ ഇത്തവണ നാരായണൻ മാസ്റ്ററാണ് ബിജെപി സ്ഥാനാര്‍ഥി.

കൊച്ചി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും ജയിച്ചു കയറുക എല്‍ഡിഎഫിന് എളുപ്പമാകില്ല. 2016ല്‍ കെ ജെ മാക്‌സി 1,086 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ അട്ടിമറിച്ച സീറ്റാണിത്. ബിജെപി 7 ശതമാനത്തോളം വോട്ടുയര്‍ത്തിയപ്പോള്‍ 2011ലെ ജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

ഇത്തവണ മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. മാക്‌സി ഇക്കുറിയും എല്‍ഡിഎഫിനായി മത്സരിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുണ്ട്. അതേസമയം, ട്വന്റി 20 മത്സരിക്കുന്നതിനാല്‍ വോട്ടു ചോര്‍ച്ച ഇവിടെ നിര്‍ണായകമാകും. സി ജി രാജഗോപാലാണ് ബിജെപിക്കായി മത്സരരംഗത്തുള്ളത്.

The post ഇടതുപക്ഷത്തിന് ഇത്തവണ അഞ്ച് സിറ്റിങ് സീറ്റുകള്‍ നഷ്ടമായേക്കും, ആ നിര്‍ണായക മണ്ഡലങ്ങള്‍ ഇവയാണ്.. first appeared on Keralaonlinenews.