അതിജീവനത്തിനായി മറുവഴി തേടി പി.ജെ : ‘പാർട്ടി ശാസന’ ഒറ്റപ്പെടുത്തുന്നു
തലശ്ശേരി : തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ രൂപീകരിച്ച പി.ജെ.ആർമിക്കുള്ള വിലക്കിനും പ്രവർത്തകർക്കെതിരെയുള്ള തുടർച്ചയായ നടപടികൾക്കും പിന്നാലെ സംസ്ഥാന സമിതിയിൽ നിന്നുള്ള താക്കീത് കൂടിയായതോടെ പി.ജയരാജൻ സി.പി.എമ്മിൽ കൂടുതൽ ഒറ്റപ്പെടുന്നു.ദീർഘകാലം കണ്ണൂരിൽ സി.പി.എമ്മിൻ്റെ അവസാന വാക്കായിരുന്ന ഇദ്ദേഹം, പാർട്ടി ചുമതലകളില്ലാതെ വർഷങ്ങളായി ഒതുക്കപ്പെട്ടിരിക്കയാണ്.
tRootC1469263">പാർട്ടി നടപടി ഭയന്ന് അണികളും പി.ജയരാജനോട് അകലം പാലിച്ചു തുടങ്ങിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കുടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർ.എസ്.എസ് ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വന്നതും മറ്റ് നേതാക്കളെക്കാളുപരി കുടുംബപരമായി ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്.
എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ വ്യക്തിപരമായി ഉയർത്താൻ വിവിധ കോണുകളിൽ നിന്നും നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹം നേതൃത്വത്തിൻ്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിൻ്റെ പ്രതിഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ടീയ കൊലപാതകം നടന്നതും ബി.ജെ.പി ഇത് രാഷ്ടീയ ആയുധമാക്കിയതും അന്ന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല.ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ല സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.
സ്ഥാനമാനങ്ങളില്ലങ്കിലും പി.ജെ.ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ടീയ വിവാദങ്ങളുണ്ടായതോടെ പി.ജെ.ആർമി ക്ക് പാർട്ടി വിലക്കേർപ്പെടുത്തി. റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.
പി.ജെ.ആർമിയുടെ അമരക്കാരായിരുന്ന അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് – ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി.ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞു വെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഇതേ വിവാദമായിരുന്നു. കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച് സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിർത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നാണ് പറയുന്നത്.
പാർട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരിൽ ജയരാജനു പിന്നിൽ അണിനിരന്ന പ്രവർത്തകരിൽ പലരും ഇന്ന് പാർട്ടിയിലില്ല. ഏതാനും ദിവസം മുമ്പ് ആന്തൂരിൽ നടപടിക്ക് വിധേയരായവരിൽ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തകരുണ്ട്.
പാർലമെൻ്ററി രംഗത്ത് അധികകാലമൊന്നും പ്രവർത്തിക്കാത്ത മുതിർന്ന നേതാവായ ജയരാജൻ, നിലവിൽ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണുള്ളത്. അടുത്ത മാസത്തോടെ പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിർദേശം പ്രാവർത്തികമാവുകയും, 75 വയസ്സ് എന്ന നിബന്ധന കർശനമാക്കുകയും ചെയ്താൽ എഴുപതു പിന്നിടുന്ന ജയരാജനു മുന്നിലെ വഴികൾ അടഞ്ഞേക്കാം.
The post അതിജീവനത്തിനായി മറുവഴി തേടി പി.ജെ : ‘പാർട്ടി ശാസന’ ഒറ്റപ്പെടുത്തുന്നു first appeared on Keralaonlinenews..jpg)


