'ലഹരിക്കെതിരെ സൂംബ ഡാൻസ് കളിപ്പിക്കണമെന്ന നിർദ്ദേശത്തിൽ താൻ വിട്ടുനിൽക്കും,തന്റെ മകനെ പങ്കെടുപ്പിക്കില്ല' : സുംബാ വിവാദത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ സസ്പെൻഡ് ചെയ്തു


പാലക്കാട്: സുംബാ വിവാദത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. എഎം യുപി സ്കൂളിലെ അധ്യാപകൻ ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ സ്‌കൂൾ മാനേജർക്ക് അധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി.
സൂംബ ഡാൻസിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് ഈ നടപടി. 24 മണിക്കൂറിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും വകുപ്പ് ഉത്തരവിട്ടു. അഷ്റഫ് സമൂഹ മാധ്യമങ്ങളിൽ സർക്കാരിനേയും വകുപ്പിനേയും അധിക്ഷേപിക്കും വിധം പോസ്റ്റ് ചെയ്തുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരാമർശം.

ലഹരിക്കെതിരെ സൂംബ ഡാൻസ് കളിപ്പിക്കണമെന്ന നിർദ്ദേശത്തിൽ താൻ വിട്ടുനിൽക്കുന്നുവെന്നും തന്റെ മകനെ പങ്കെടുപ്പിക്കില്ലെന്നും ടി കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന ഏത് നടപടിയും താൻ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.