കൈകൊണ്ട് മീന്‍ പിടിച്ച് ശ്രദ്ധേയയായ യൂട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വാടകവീട്ടില്‍ മരിച്ചനിലയില്‍

thamburu

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

'തംബുരു ക്വീന്‍ ഫിഷര്‍' എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയ കെ കെ തംബുരു(36)വിനെ വാടക വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവടിലെ വാടക വീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് വീടിനുള്ളില്‍ തംബുരുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


ചെളിയിലും കല്ലിടുക്കുകളിലും കൈകള്‍ കൊണ്ട് തപ്പി മീന്‍ പിടിക്കുന്ന തംബുരുവിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍, കേരളത്തിന് പരിചിതമായത് ഒരു അപൂര്‍വ മത്സ്യബന്ധന രീതിയായിരുന്നു. തലമുറകളായി കുടുംബത്തില്‍ തുടര്‍ന്നു വന്ന മീന്‍പിടിത്തം തന്നെയായിരുന്നു തംബുരുവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയതും. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയ്‌ക്കൊപ്പം മീന്‍പിടിത്തത്തിനിറങ്ങിയ അവര്‍, അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇളയ സഹോദരങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയതും.

ജീവിതച്ചെലവിനായി തൊഴിലുറപ്പ് ജോലിയും ഡ്രൈവിങ് സ്‌കൂളിലെ ജോലിയും വസ്ത്ര നിര്‍മാണ യൂണിറ്റിലെ ജോലിയും ചെയ്തിരുന്നെങ്കിലും, കുടുംബത്തിന്റെ പരമ്പരാഗത മത്സ്യബന്ധനം തംബുരു കൈവിട്ടില്ല. വേലിയേറ്റ സമയത്ത് വഞ്ചിയില്‍ കായലിലിറങ്ങി വലയോ ചൂണ്ടയോ ഇല്ലാതെ കൈകള്‍ കൊണ്ട് ചെളിയിലും കല്ലിടുക്കുകളിലും തിരഞ്ഞ് മീന്‍ പിടിക്കുന്നതായിരുന്നു അവരുടെ രീതി.
ഈ കാഴ്ചകളാണ് പിന്നീട് സമൂഹമാധ്യമങ്ങളിലെ തംബുരുവിന്റെ സ്വന്തം ഇടമായി മാറിയത്. 'ക്വീന്‍ ഫിഷര്‍' എന്ന പേരില്‍ തുടങ്ങിയ പേജില്‍ കൈകള്‍ കൊണ്ട് മീന്‍ പിടിക്കുന്നതിന്റെ ആദ്യ വീഡിയോ പങ്കുവച്ചപ്പോള്‍ തന്നെ 90 ലക്ഷത്തിലധികം പേരാണ് അത് കണ്ടത്. പിന്നീട് തംബുരുവിന് വലിയ ആരാധകവൃന്ദം ലഭിച്ചു.

തനിക്കെതിരെ ഉയര്‍ന്ന അപവാദപ്രചാരണങ്ങള്‍ക്കിടയിലും സ്വന്തം തൊഴിലിനെ മുന്നോട്ടു കൊണ്ടുപോകാന്‍ തംബുരു ശ്രമിച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു, കുടുംബത്തില്‍ നിന്ന് കൈമാറിക്കിട്ടിയ തൊഴില്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയും ചെയ്തു.

Tags