പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍
കുട്ടിയുടെ മാതാവിനോടുള്ള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് അറസ്റ്റ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തില്‍ യുട്യൂബറായ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശി വടക്കേതില്‍ രമ്യ ഷിംജിത്ത്(36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുള്ള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് അറസ്റ്റ്.
വടക്കന്‍ പറവൂര്‍ പൊലീസ് ആണ് പോക്‌സോ കേസും ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. രമ്യ ഷിംജിത്ത് സുഹൃത്തിന്റെ മകള്‍ക്കെതിരെയാണ് അധിക്ഷേപം നടത്തിയത്. മുന്‍പ് സുഹൃത്തുക്കളായിരുന്ന ശേഷം പിണങ്ങിയതോടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക ആരോപണവുമായി രമ്യ വിഡിയോ പോസ്റ്റ് ചെയ്‌തെന്നാണ് കേസ്. നിരന്തരം വിഡിയോകള്‍ ഈ വിഷയത്തില്‍ വന്നതോടെയാണ് സുഹൃത്ത് കേസ് നല്‍കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് രമ്യയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങിയില്ലെങ്കിലും ഒടുവില്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പൊലീസ് കാണിച്ചതോടെയാണ് വഴങ്ങിയത്. പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉണ്ടായ ബഹളവും പിന്നീട് പോലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഇവര്‍ സമൂഹമാധ്യമത്തില്‍ സംസാരിക്കുന്ന നിരവധി ലൈവ് വിഡിയോകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസിനു ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചതിന് രമ്യയുടെ പരാതിയില്‍ കുട്ടിയുടെ അമ്മക്ക് എതിരെ മുന്‍പ് തൊട്ടില്‍ പാലം പോലീസ് കേസ് എടുത്തിരുന്നു.
.jpg)

