പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍

google news
arrest

പാലക്കാട് ഒറ്റപ്പാലത്ത് പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ കടത്തിക്കൊണ്ട് പോയ കേസിലാണ് പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിലായത്.

കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ, ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയത്.

സലീമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദ്ദിച്ചതിനു ശേഷം, സലീമിന്റെ ഫോണും സംഘം കവര്‍ന്നെടിത്തിരുന്നു. വിവരമറിഞ്ഞ സലീമിന്റെ കുടുംബം, ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 40,000 രൂപ നല്‍കിയാലേ സലീമിനെ വിട്ട് നല്‍കൂവെന്നും അല്ലാത്ത പക്ഷം കൊന്നു കളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സലീമിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സലീമുമായി പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു.

പിന്നാലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെരിന്തല്‍മണ്ണ സ്വദേശികളായ ഷാഹുല്‍ അമീന്‍, മുര്‍ഷിദ്, അര്‍ജുന്‍ കൃഷ്ണ, മുഹമ്മദ് ഹര്‍ഷാദ്, മുഹമ്മദ് റമീസ്, മുഹമ്മദ് ഷുക്കൂര്‍, മുനീര്‍ ബാബു, അബ്ദുള്‍ റഹീം എന്നിവര്‍ അറസ്റ്റിലായത്. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags