തിരുവനന്തപുരത്ത് യുവാവ് വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍;പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കഴിഞ്ഞ രാത്രി വീടിന് മുകളിലെ വാട്ടർ ടാങ്കില്‍ ഇരിക്കുന്ന നിലയിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീടിന്റെ മുകളിലെ വാട്ടർ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ലം സ്വദേശി ബൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജുവിന്റെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ രാത്രി വീടിന് മുകളിലെ വാട്ടർ ടാങ്കില്‍ ഇരിക്കുന്ന നിലയിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തില്‍ മർദനമേറ്റ രീതിയിലുള്ള പാടുകളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഇൻഷുറൻസ് ഇല്ലാത്തതിനെ തുടർന്നും മദ്യപിച്ച് വാഹനമോടിച്ചതിനും ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പിഴയും ഇൻഷുറൻസ് തുകയും അടച്ചിട്ടും ഓട്ടോ വിട്ടുനല്‍കാൻ പൊലീസ് തയ്യാറായില്ല.
കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനാല്‍ കോടതി വഴി മാത്രമേ വാഹനം റിലീസ് ചെയ്യാനാകൂ എന്ന നിലപാടാണ് പൊലീസ് എടുത്തത്. സ്വന്തം ജീവിതോപാധിയായ വാഹനം നഷ്ടപ്പെടുമോ എന്ന കടുത്ത മനോവിഷമത്തിലായിരുന്നു ബൈജു എന്ന് കുടുംബം പറയുന്നു.
ഇതിനിടെ, കുടുംബത്തെപ്പോലും അറിയിക്കാതെ പൊലീസ് ബൈജുവിനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. വിവരമറിഞ്ഞ് അമ്മയും സഹോദരനും നേരിട്ടെത്തിയാണ് ബൈജുവിനെ അവിടെനിന്ന് ഇറക്കിക്കൊണ്ടുപോന്നത്. പൊലീസിന്റെ ഈ നടപടികള്‍ ബൈജുവിനെ മാനസികമായി തളർത്തിയതായാണ് കുടുംബം കരുതുന്നത്.
.jpg)

