യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവം; ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദവാദം കേള്‍ക്കും
ജാമ്യ ഹര്‍ജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയല്‍ ചെയ്യാന്‍ പരാതിക്കാര്‍ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്.
നവകേരള സദസ്സിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദവാദം കേള്‍ക്കും. പ്രതികള്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യ ഹര്‍ജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയല്‍ ചെയ്യാന്‍ പരാതിക്കാര്‍ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഞ്ച് പ്രതികളും ഒളിവില്‍ ആണെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നിര്‍ണ്ണായകഘട്ടത്തില്‍ ആണെന്നും ജാമ്യമനുവദിക്കരുതെന്നും എസ്ഐടി വാദിച്ചു. ഇന്നത്തെ വിശദവാദത്തിന് ശേഷം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി പറയും. ഐപിസി 308 അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
.jpg)

