അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : അറസ്റ്റിലായ അരുൺ ഷഹാനയുടെ മതം മാറ്റുവാനും പണം തട്ടാനും ശ്രമിച്ചതായി മാതാവിൻറെ വെളിപ്പെടുത്തൽ

Death of Shahana from Adoor: Male friend Arun arrested.

 പത്തനംതിട്ട: അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മരണപ്പെട്ട ഷഹാനയുടെ കുടുംബം രംഗത്തെത്തി. ഷഹാനയെ പ്രതി നിരന്തരം മതം മാറാൻ നിർബന്ധിച്ചിരുന്നതായും ഭീഷണിപ്പെടുത്തി വൻതോതിൽ പണം തട്ടിയെടുത്തിരുന്നതായും മാതാവ് ഷീജ വെളിപ്പെടുത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഷഹാനയ്ക്ക് സ്ഥിരവരുമാനമുണ്ടായിരുന്നതിനാൽ മൊബൈൽ ഫോൺ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതി വലിയ തുകകൾ കൈപ്പറ്റിയിരുന്നു. സ്വന്തമായി ബാങ്ക് ലോൺ എടുപ്പിച്ചുപോലും അരുൺ പണം തട്ടിയെടുത്തിരുന്നതായും, ഷഹാന പുതിയ വീടും വസ്തുവും സ്വന്തമാക്കിയതോടെ അത് കൈക്കലാക്കാൻ വേണ്ടിയാണ് പീഡനം കടുപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

ഏകദേശം മൂന്നാല് മാസങ്ങൾക്ക് മുൻപ് മതം മാറി വിവാഹം കഴിക്കാൻ അരുൺ ആവശ്യപ്പെട്ടെങ്കിലും, തന്റെ കുഞ്ഞിനെ നോക്കി സ്വന്തം ജോലി ചെയ്ത് ജീവിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞ് ഷഹാന ഇത് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനസിക പീഡനവും ഭീഷണിയും വർധിച്ചത്. ഷഹാന മരണപ്പെട്ട ദിവസവും പ്രതി ഇത്തരത്തിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ചിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം വഴിയിൽ കാത്തുനിന്ന അരുൺ, ഷഹാന വീട്ടിലേക്ക് പോകുന്ന സമയത്ത് പുറകെ ചെല്ലുകയും വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു.

തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ഷഹാനയെ പ്രതി കഠിനമായ സമ്മർദ്ദത്തിലാക്കുകയും മർദ്ദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മർദ്ദിച്ച കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ പ്രതി അരുണിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ മതം മാറ്റാൻ നിർബന്ധിച്ചതുൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ കുടുംബം ഉന്നയിച്ച സാഹചര്യത്തിൽ, പ്രതിയുടെ പങ്കിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Tags