പേരാമ്പ്രയിൽ റോഡിൽ കാറിന്റെ മുകളിലിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം ; രണ്ട് കാറുകൾ പിടിച്ചെടുത്ത് എംവിഡി
പൊതുറോഡിൽ ജീവനും യാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ കാറുകളിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (MVD). കോഴിക്കോട് പേരാമ്പ്ര ചാനിയംകടവിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും എംവിഡി അധികൃതർ പിടിച്ചെടുത്തു. അനധികൃതമായ മോഡിഫിക്കേഷൻ വരുത്തൽ, പൊതുറോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുയിപ്പോത്ത് ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടു കാറുകളിലായെത്തിയ യുവാക്കൾ മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടുത്ത തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് റോഡിലൂടെ പാഞ്ഞത്. കാറിന്റെ ഡോറിന്റെ മുകളിലിരുന്നുകൊണ്ടും അത്യന്തം അപകടകരമായ രീതിയിലുമായിരുന്നു ഇവരുടെ യാത്ര. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉടനടി കേസ് രജിസ്റ്റർ ചെയ്തതും കാറുകൾ കസ്റ്റഡിയിലെടുത്തതും.
അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എംവിഡി ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ഡ്രൈവിങ് ക്ലാസിന് അയക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
റോഡുകളിൽ ഇത്തരം അഭ്യാസപ്രകടനങ്ങളും നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികൾ ഇത്തരം പ്രവണതകൾക്ക് വലിയൊരു തടയിടുമെന്നാണ് കരുതപ്പെടുന്നത്.
.jpg)

