കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; വിഡിയോ എടുത്ത് യുവാവിനെ കുടുക്കി പെണ്‍കുട്ടി

google news
arrest

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ സംഭവം. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറുന്നത്. തന്റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസില്‍ കയറിയതുമുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വിഡിയോ എടുത്ത് ചോദ്യം ചെയ്തുവെന്ന് യുവതി പറയുന്നു.

പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്നും എഴുന്നേറ്റു. താന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ തനിക്ക് പിന്തുണയുമായി വന്നുവെന്ന് യുവതി പറയുന്നു. ബസ് നിര്‍ത്തേണ്ടെന്നും വാതില്‍ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിര്‍ത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടര്‍ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു. ബസില്‍ ഒരു നിയമവിദ്യാര്‍ഥിനി ഉണ്ടായിരുന്നു. അവര്‍ എന്നോടൊപ്പം അവസാനം വരെ നിന്നു. അവര്‍ക്ക് ഞാന്‍ നന്ദിപറയുന്നു. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവന്‍ സിബ്ബ് തുറക്കാന്‍ പേടിക്കണം'-യുവതി പറയുന്നു.


 

Tags