വികസിത ഇന്ത്യക്കായി യുവതലമുറ സ്വയം പര്യാപ്തരാകണം - വി മുരളീധരൻ

വർക്കല - വികസിത ഇന്ത്യക്കായി യുവതലമുറ സ്വയം പര്യാപ്തരാകണമെന്ന് വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി . വി. മുരളീധരൻ പറഞ്ഞു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘതൻ കേരള സോണിന്റെ യുവ ഉത്സവ് 2023 സംസ്ഥാനതല ഉദ്ഘാടനം വർക്കലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസത്തൊടോപ്പം തൊഴിൽ നിപുണത കൂടി ഈ കാലഘട്ടത്തിൽ ആവശ്യമാണ്. ഇത് കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭാസത്തോടൊപ്പം തൊഴിൽ നിപുണത എന്ന ആശയം മുന്നോട്ട് വെക്കുന്നതിനുള്ള പരിശ്രമങ്ങളിൽ നെഹ്‌റു യുവ കേന്ദ്രയുടെ പങ്ക് കേന്ദ്ര മന്ത്രി എടുത്തു പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ അഴിമതി പോലുള്ളവ തുടച്ചു നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ & സി ബി സി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി, സി ബി സി തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ശ്രീമതി പാർവതി. വി നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ ശ്രീ എം.അനിൽ കുമാർ, ഗായകൻ ജി. ശ്രീറാം തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരൻ പഞ്ചപ്രാൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുവഉത്സവിനോടനുബന്ധിച്ച് സി ബി സി, നബാർഡ്, ബി എസ് എൻ എൽ തുടങ്ങിയ സ്ഥാപനങ്ങൾ ഒരുക്കിയ സ്റ്റാളുകൾ ശ്രീ വി മുരളീധരൻ സന്ദർശിച്ചു. രണ്ട് ദിവസത്തെ യുവ ഉത്സവിൽ വിവിധ കലാമത്സരങ്ങൾ നടക്കും.