ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം..! പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് കൊണ്ടുവരുന്നത് വൻ അഴിമതി ഡീൽ; മേയർക്കെതിരെ ആഞ്ഞടിച്ച് വി. ജോയിയും വി. ശിവൻകുട്ടിയും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും മുൻ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ആചാരങ്ങളെ തൊട്ടുകളിക്കുന്ന ഈ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതി ഡീലാണ് നടന്നിരിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. നഗരത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.
ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോൾ ആലോചിക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് വി. ജോയി പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. ആറ്റുകാലിൽ മണ്ണടപ്പ് വെച്ച് ചുടുകല്ല് ഉപയോഗിച്ച് പൊങ്കാലയിടുന്നതാണ് പരമ്പരാഗത രീതി. ആചാരങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ സാമ്പത്തിക താല്പര്യങ്ങളുണ്ട്. 275 രൂപ വിലവരുന്ന ഇരുമ്പ് അടുപ്പുകൾ 40 ലക്ഷത്തോളം ഭക്തരിലേക്ക് എത്തിക്കുന്നതിലൂടെ 120 കോടി രൂപയുടെ ഡീൽ ഉറപ്പിക്കാനാണ് നീക്കം നടന്നതെന്നും, എന്നാൽ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ വെള്ളപ്പൊക്കത്തിലും പൊങ്കാല അടുപ്പ് വിവാദത്തിലും മേയർ വി.വി. രാജേഷിനെ വി. ശിവൻകുട്ടി നിശിതമായി വിമർശിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ കൊണ്ടുവരുന്നതിലൂടെ 250 കോടി രൂപയുടെ ഡീലിലാണ് മേയർ മുൻകൈയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
തലസ്ഥാന നഗരം നാല് മണിക്കൂറിലേറെ വെള്ളത്തിനടിയിലായപ്പോൾ ഉത്തരവാദിത്തപ്പെട്ട ആരും തിരിഞ്ഞുനോക്കാൻ തയ്യാറായില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും തമ്പാനൂരിലെ ഓടകൾ പോലും വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമായത്. ഭരണപരിചയമില്ലാത്ത മേയർ മറ്റാരൊക്കെയോ പറയുന്നത് കേട്ടാണ് പ്രവർത്തിക്കുന്നതെന്നും, സർക്കാരിന് മേൽ പഴിചാരാതിരിക്കാനാണ് മുൻകൂർ ജാമ്യമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വെള്ളപ്പൊക്ക വിഷയത്തിൽ പോലും യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
.jpg)

