'നിന്നെ കണ്ടാല്‍ പെണ്ണായി തോന്നില്ല'; പ്രിയദര്‍ശിനി കണ്ടക്ടര്‍ അപമാനിച്ചെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി
കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നല്‍കില്ലെന്നും കണ്ടക്ടര്‍ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യാത്രക്കാരോടായി 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ചോദിക്കുകയും അവര്‍ക്കുകൂടി തന്നെ അവഹേളിക്കാനായി അവസരം ഉണ്ടാക്കികൊടുക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തനിക്ക് വളരെയധികം മാനസികബുദ്ധിമുട്ടും നാണക്കേടും തോന്നുന്ന അവസ്ഥയായിരുന്നുവെന്നും അതിനാല്‍ വിഷയത്തില്‍ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
'നിന്നെ കണ്ടാല്‍ ഞങ്ങള്‍ക്ക് പെണ്ണായി തോന്നുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ആഷേപിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെടുകയും വളരെ ഉച്ചത്തില്‍ മറ്റുള്ള യാത്രക്കാരെ കൂടി അറിയിക്കുന്ന തരത്തില്‍ അപമാനിച്ച് സംസാരിക്കുകയുമായിരുന്നു. അതിനുശേഷം വളരെ രോഷാകുലനായി കണ്ടക്ടര്‍ നീ പെണ്ണാണോ എന്ന് അറിയാന്‍ ഡ്രസ് ഊരി നോക്കേണ്ടി വരുമെന്നും അലെങ്കില്‍ നിന്റെ നെറ്റിയില്‍ ഴുതിയൊട്ടിക്കേണ്ടി വരുമെന്നും പറഞ്ഞ് എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മനപൂര്‍വ്വം അവഹേളിക്കുകയായിരുന്നു. യാത്രക്കാരോടായി ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ എന്ന് ചോദിക്കുകയും അവര്‍ക്കുകൂടി എന്നെ അവഹേളിക്കാനായി അവസരം ഉണ്ടാക്കികൊടുക്കുകയുമായിരുന്നു. എനിക്ക് വളരെയധികം മാനസികബുദ്ധിമുട്ടും നാണക്കേടും തോന്നുന്ന അവസ്ഥയായിരുന്നു', പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
.jpg)

