'നീങ്കള്‍ മമ്മൂട്ടി സാറാ.. എന്നെ ഫോളെ സെയ്'; യാത്രക്കിടെ വഴിതെറ്റി, കാരൈക്കുടിയില്‍ മമ്മൂട്ടിക്ക് വഴികാട്ടിയായി പാണ്ഡ്യന്‍
ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ തങ്ങള്‍ക്ക് വഴി കാട്ടിയെന്ന് വിഡിയോ പങ്കുവെച്ച് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ലഭിച്ച ആരാധക സ്നേഹം പങ്കുവച്ചുകൊണ്ടുള്ള നിര്‍മാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറല്‍. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ കാരക്കുടിയിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങുമ്പോഴുണ്ടായ സംഭവമാണ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തതോടെ മമ്മൂട്ടിയുടേയും സംഘത്തിന്റേയും യാത്ര തടസപ്പെട്ടു. ഗൂഗിള്‍ മാപ്പ് നോക്കിയിട്ടും രക്ഷയില്ലാതെ തിരികെ മടങ്ങാനൊരുങ്ങുമ്പോഴാണ് രക്ഷകനായി യുവാവ് എത്തിയത്. മമ്മൂട്ടിയാണ് കാറിലെന്ന് മനസിലാക്കിയ പ്രദേശവാസിയായ പാണ്ഡ്യന്‍ സഹായിക്കാന്‍ എത്തുകയായിരുന്നു. ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ തങ്ങള്‍ക്ക് വഴി കാട്ടിയെന്ന് വിഡിയോ പങ്കുവെച്ച് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ആന്റോ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ:
അതിരുകടന്ന സ്നേഹം....
''നീങ്കള്‍ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ '
പുലര്‍ച്ചെ മൂന്നര കഴിഞ്ഞിരുന്നു
മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ;കാരക്കുടിയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങള്‍. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി പിന്നെ ഞാനും.
തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു. രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു ''തിരികെ കാരക്കുടിയില്‍ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും''
ജോര്‍ജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി. സഹായത്തിനു വഴിയില്‍ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.
പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍ അയാള്‍ ചില വഴികള്‍ ഒക്കെ പറയുന്നുണ്ട്. അവയില്‍ പലതും ഞങ്ങള്‍ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്‍പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാള്‍ എത്തി. ''നീങ്ക മലയാളികളാ? '
പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...'നീങ്ക മമ്മൂട്ടി സാറാ എന്നെ ഫോളോ സെയ്....ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ ഞങ്ങള്‍ക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികള്‍ ).
'അപ്പടിയെ സ്ട്രൈറ്റ് കേരള''.അയാള്‍ കൈ ചൂണ്ടി.
ഒരു നല്ല മനുഷ്യന്‍. അയാള്‍ നാളെ ആരോടെങ്കിലും പുലര്‍ച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം.
മമ്മുക്ക കാറില്‍ നിന്നിറങ്ങി അയാളുടെ ഫോണ്‍ വാങ്ങി പിഷാരടിക്ക് നല്‍കി. അയാളെ ചേര്‍ത്തു പിടിച്ചു.
ഉന്‍ പേരെന്ന? പാന്ധ്യന്‍.
മമ്മുക്കയുടെ കെയര്‍ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയ പിഷാരടി പറഞ്ഞു. .അയാളുടെ കെയര്‍ നമ്മള്‍ ഷെയര്‍ ചെയ്യണം ആന്റോ ചേട്ടാ. PANDYAN, PAN INDIAN ആകട്ടെ..
.jpg)

