വ്യാജ പരാതി കൊടുത്താല്‍ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും '; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതമാര്‍ക്കെതിരെ ഭീഷണിയുമായി ഫെന്നി നൈനാന്‍
ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. എനിക്ക് എതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതമാര്‍ക്ക് ഫെന്നി നൈനാന്റെ ഭീഷണി. അതിജീവിതയും കുടുംബവും ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഫെന്നി നൈനാന്റെ ഭീഷണി. രണ്ടാമത്തെ അതിജീവിതയെ നാടകക്കാരിയെന്നും ഫെന്നി അധിക്ഷേപിച്ചു. അതിജീവിതമാര്‍ വ്യാജ പരാതിക്കാരികളാണെന്നും ഫെന്നി നൈനാന്‍ ആക്ഷേപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫെന്നി നൈനാന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സോറി,
പോസ്റ്റ് ഇടാന്‍ രണ്ടുമൂന്നു ദിവസം വൈകി. ചില അന്വേഷണങ്ങളില്‍ ആയിരുന്നു. അത് പൂര്‍ത്തിയായില്ല, പൂര്‍ത്തിയായിട്ട് വിശദമായി തന്നെ എഴുതാം. ഇപ്പോള്‍ ഒരുപാട് തവണ വന്ന ബിഗ് ബ്രേക്കിങ്ങുണ്ട് ''ഫെന്നി നൈനാന്‍ അതിജീവിതയെ സൈബര്‍ അറ്റാക്ക് നടത്തിയതിന് എതിരെ കേസ്'' ഈ ബ്രേക്കിംഗ് ചെയ്ത വാര്‍ത്തകളുടെ പിന്നീടുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യം ഇല്ലാത്തത് കൊണ്ട് ഞാന്‍ തന്നെ പറയാം.
കാനഡയില്‍ ഉള്ള പരാതിക്കാരി എനിക്ക് എതിരെ കേസ് കൊടുത്തു. അത് വലിയ വാര്‍ത്ത ആയി. പൊലീസ് ആ കേസ് അന്വേഷിച്ചിട്ട് അതില്‍ കഴമ്പില്ല എന്ന് കണ്ടെത്തി അവരത് അത് അര്‍ഹിക്കുന്ന കുപ്പയില്‍ വലിച്ചു എറിഞ്ഞു. ഞാന്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആണ് എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഞാന്‍ അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയില്‍ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുല്‍ എംഎല്‍എ പീഡിപ്പിച്ചു എന്ന കള്ളക്കേസ് കൊടുത്തത്.
അത് അന്ന് വലിയ വാര്‍ത്ത ആവുകയും എന്റെ തെരഞ്ഞെടുപ്പിനെ പോലും ബാധിക്കുകയും ചെയ്തു. അത്ര ഗുരുതരമായ ഒരു ആരോപണം ആയിട്ട് കൂടി എന്നെ ഒരു വട്ടം പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചത് അല്ലാതെ പ്രതി ആക്കിയില്ല എന്ന് പറയുമ്പോള്‍ തന്നെ ആ പരാതിയിലെ കള്ളത്തരം മനസ്സില്‍ ആയല്ലോ. ആ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീണ്ടും പരാതി കൊടുത്തിരിക്കുന്നു, ഞാന്‍ അതിനെ സൈബര്‍ അറ്റാക്ക് ചെയ്തു എന്ന്. എവിടെയാണ് സൈബര്‍ അറ്റാക്ക് നടന്നത്?
അന്നു ഞാന്‍ പറഞ്ഞത് ഒരിക്കല്‍ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. എനിക്ക് എതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോള്‍ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബാംഗ്ലൂര്‍ സ്ഥിരതാമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും. രണ്ടാമത്തെ പരാതിക്കാരിയോട് പറയാം, ആരോക്കെ ഈ കേസ് വിട്ടാലും ഞാന്‍ വിടില്ല. ഒരു വ്യാജ പരാതി കൊടുത്താല്‍ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവര്‍ അന്ന് കാണില്ല. അപ്പോള്‍ ഇനി നമ്മള്‍ നേരിട്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡനാരോപണ പരാതിയില്‍ സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെന്നി നൈനാനെ പ്രതി ചേര്‍ത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും കാര്‍ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പല തവണ ഫെന്നി പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
.jpg)


