യെസ് അല്ലെങ്കിൽ നോ, രണ്ടായാലും പിണറായിക്ക് തീരുമാനങ്ങളുണ്ട്; മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് കെ ടി ജലീൽ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെയും നിലപാടുകളെയും വിമർശിച്ച് എൽ.ഡി.എഫ് നേതാവ് കെ.ടി. ജലീൽ രംഗത്ത്. പിണറായി വിജയനിൽ കണ്ട ഏറ്റവും വലിയ ഗുണം പിണറായിയെ എന്തൊരു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഫോണെടുക്കുമെന്നും 'യസ്' അല്ലെങ്കിൽ 'നൊ എന്ന മറുപടി അദ്ദേഹം തരുമെന്നും, ആളുകളെ സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് കുന്നോളം പ്രതീക്ഷ നൽകി ആരെയും പിണറായി പറഞ്ഞയക്കില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രീ, താങ്കൾ പിണറായി വിജയനിൽ കണ്ട ഏറ്റവും വലിയ ഗുണം പിണറായിയെ എന്തൊരു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഫോണെടുക്കും, അപ്പോൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വൈകാതെ തിരിച്ചു വിളിക്കും. പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി ഉണ്ടാകും. 'യസ്' അല്ലെങ്കിൽ 'നൊ'. 'യസ്' എന്നാണെങ്കിൽ അത് നടക്കും. 'നൊ' എന്നാണെങ്കിൽ അതിൻ്റെ കാര്യകാരണങ്ങൾ പറയും.
ആളുകളെ സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് പുറത്ത് കൊട്ടി കുന്നോളം പ്രതീക്ഷ നൽകി ആരെയും പിണറായി പറഞ്ഞയക്കില്ല. പൊതുവേദിയിൽ ഒരിക്കലും അദ്ദേഹം നുണ പറയുകയുമില്ല.
എന്നാൽ പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് ഏത് നിക്ഷേപ പ്രഭുക്കളെ കാണാനാണ് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിയത്? എവിടെ വെച്ചാണ് നിങ്ങൾ അവരുമായി സംസാരിച്ചത്? ചർച്ച ഫലവത്തായോ? എത്ര കോടിയുടെ നിക്ഷേപമാണ് അവർ നടത്താൻ ഉദ്ദേശിക്കുന്നത്? ഏത് മേഖലയിലാണ് അവർ നിക്ഷേപിക്കുക? 8 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കെടുതികൾ അവലോകനം ചെയ്ത് രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട സമയത്ത്, ഹെലികോപ്ടറിൽ പറന്നെത്തി അങ്ങോട്ട് ചെന്ന് കാണാൻ മാത്രം പ്രസക്തനായ ആ വ്യവസായ പ്രമുഖൻ്റെ പേരെന്താണ്? അല്ലെങ്കിൽ ബന്ധപ്പെട്ട കമ്പനി ഏതാണ്? വ്യക്തിപരമായ ബിസിനസ് കാര്യത്തിനാണ് താങ്കൾ സംസാരിച്ചതെങ്കിൽ താങ്കൾ പറയണ്ട. എന്നാൽ സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള കൂടിക്കാഴ്ചയാണ് നടന്നതെങ്കിൽ മുകളിലെ ചോദ്യങ്ങൾക്ക് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ.
ഒരു കളവ് മൂടിവെക്കാൻ നൂറു നുണകൾ അടുത്ത പത്രസമ്മേളനങ്ങളിൽ താങ്കൾക്കു പറയേണ്ടി വരും. താങ്കൾ കുറച്ചു കൂടി 'സീരിയസ്' ആവണം. കൊഞ്ചിക്കുഴഞ്ഞ വർത്തമാനങ്ങൾക്കും അടുക്കളയിൽ പോയി ചട്ടിയുടെ മൂടി തുറന്ന് കറിയുടെ സ്വാദ് നോക്കാനുമൊക്കെ നിയുക്ത കെ.പി.സി.സി പ്രസിഡണ്ടിനെ ചുമതപ്പെടുത്തിയാൽ പോരെ? അതിനൊന്നും താങ്കൾക്ക് കഴിയില്ല. വി.ഡി സതീശൻ അതൊക്കെ ചെയ്താൽ തനി ബോറാകും! ജ്വല്ലറി ഉൽഘാടനത്തിനും കോഫീ ഷോപ്പ് ഉൽഘാടനത്തിനുമെല്ലാം മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനെ ഭരമേൽപ്പിക്കുക. മറ്റുള്ളവരുടെ ചട്ടിയിൽ താങ്കൾ കയ്യിട്ട് വാരി അലമ്പാക്കുന്നത് എന്തിനാണ്? താങ്കൾ തന്നെ പറഞ്ഞ പോലെ വാക്കിന് സ്ഥിരതയുള്ള പിണറായി 10 കൊല്ലം ഇരുന്ന കസേരയിലല്ലേ താങ്കൾ ഇരിക്കുന്നത്?
.jpg)

