കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറി നല്‍കിയ സംഭവം; താല്‍ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

konni

16 കാരിക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 88 കാരിയുടെ എക്‌സ്‌റെ ആണ് മാറി നല്‍കിയത്.

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്‌സ്‌റേ മാറി നല്‍കിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പള്‍മനോളജി വിഭാഗം ഡോക്ടര്‍ക്കും താക്കീത് നല്‍കി. 16 കാരിക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 88 കാരിയുടെ എക്‌സ്‌റെ ആണ് മാറി നല്‍കിയത്.

ശ്വാസതടസ്സവുമായി ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടറാണ് എക്‌സ്‌റേയെടുക്കാന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് പെണ്‍കുട്ടി റേഡിയോളജി വകുപ്പിലെത്തി എക്‌സ്‌റേയെടുത്തു. എന്നാല്‍ റേഡിയോളജി വകുപ്പില്‍ നിന്ന്, ആശുപത്രിയില്‍ ചികിത്സയിലുള്ള 88-കാരിയുടെ എക്‌സ്‌റേയാണ് നല്‍കിയത്. ഈ എക്‌സ്‌റേയുമായി പെണ്‍കുട്ടി വീണ്ടും ഡോക്ടറെ കണ്ടു. എക്‌സ്‌റേ പരിശോധിച്ച് പെണ്‍കുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ച് നല്‍കി. തുടര്‍ ചികിത്സയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് എക്‌സ്‌റേ മാറിപ്പോയ കാര്യം മനസിലായത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്‌സ്‌റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്.

ഇതോടെ പെണ്‍കുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കല്‍ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്‌സ്‌റേ മാറിനല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എക്‌സ്‌റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags