സംസ്ഥാന പൊലീസ് മേധാവിയെ പരിഹസിച്ച് കത്തെഴുതി ; എസ് പി ജെ ജയനാഥിന് മുന്നറിയിപ്പ്

സംസ്ഥാന പൊലീസ് മേധാവിയെ പരിഹസിച്ച് കത്തെഴുതിയതിന് എസ്പി ജെ ജയനാഥിന് സര്‍ക്കാരിന്‌റെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു നല്‍കിയ മുന്നറിയിപ്പ്. കൂടാതെ അച്ചടക്ക നടപടി അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം എറണാകുളം റേഞ്ച് എസ്പിയാണ് ജയാനാഥ്.
ലോക്‌നാഥ് ബഹ്‌റ ഡിജിപിയായിരിക്കെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും പരിഹാസ രീതിയില്‍ കത്തെഴുതിയെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എഡിജിപി എസ് ശ്രീജിത്ത് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ജെ ജയനാഥ് കെഎപി മൂന്നാം ബറ്റാലിയന്റെ കമാന്‍ഡാന്റായിരിക്കെ താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
ശബരിമല ഡ്യൂട്ടി, കൊവിഡ് വാര്‍ റൂമിലേക്കുള്ള ഡ്യൂട്ടി എന്നിവ ഏറ്റെടുക്കാന്‍ വിസമ്മതിച്ചെന്നായിരുന്നു ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ ചുമതലകള്‍ വഹിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും ചുമതലകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച സമയത്ത് പകരം സംവിധാനം ഒരുക്കിയതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും എസ് ശ്രീജിത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.