തൊഴിലിടങ്ങളിലെ ഇന്റേണൽ കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ


കാസർകോട് : പോഷ് ആക്ട് പ്രകാരം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഇന്റേണൽ കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി.പി കുഞ്ഞായിഷ പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അംഗം.
tRootC1469263">ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കമ്മീഷന് മുന്നിൽ എത്തുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങൾ സംബന്ധിച്ച് പോഷ് ആക്ട് 2013ന്റെ ഭാഗമായുള്ള ഐ.സികളുടെ പ്രവർത്തനം വിലയിരുത്താൻ വനിതാ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പോഷ് ആക്ട് സംബന്ധിച്ച സെമിനാർ നടത്തും. സർക്കാർ ഓഫീസുകളുടെ ഐ.സി പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ശിൽപശാല ജൂൺ 20ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ സംഘടിപ്പിക്കും.

ജൂൺ 28, 29 തീയ്യതികളിൽ വലിയപറമ്പ് ഗ്രാമപഞ്ചായത്തിൽ തീരദേശ ക്യാമ്പും സംഘടിപ്പിക്കും. ആദ്യ ദിനം തീരദേശ മേഖലയിലെ വീടുകൾ സന്ദർശിച്ച് വകുപ്പ് തല ഉദ്യോഗസ്ഥരുടെ കൺവേർജൻസ് യോഗം ചേരും. രണ്ടാം ദിവസം സെമിനാർ സംഘടിപ്പിക്കും. തീരദേശ മേഖലയിലെ സർക്കാർ സേവനങ്ങളും ഗാർഹിക പീഢന നിരോധന നിയമം സംബന്ധിച്ച വിഷയവുമായിബന്ധപ്പെട്ട സെമിനാർ സംഘടിപ്പിക്കും ക്യാമ്പിൽ ലഭിക്കുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുമെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.
സിറ്റിങ്ങിൽ 45 പരാതികൾ പരിഗണിച്ചു. 24 പരാതികൾ തീർപ്പാക്കി. 21 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഒരു പുതിയ പരാതി സ്വീകരിച്ചു. അഡ്വ. ഇന്ദിര, ഫാമിലി കൗൺസിലർ രമ്യ, വനിതാസെൽ എ.എസ്.ഐ ശാന്ത, സി.പി.യു ജയശ്രീ എന്നിവർ പങ്കെടുത്തു.