കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ

Women's Commission says that individual freedom is essential in families
Women's Commission says that individual freedom is essential in families


കണ്ണൂർ :കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. വ്യക്തികളുടെ താൽപര്യത്തെ ഹനിക്കുന്ന രീതിയിൽ കുടുംബത്തിനകത്ത് മറ്റുള്ളവരുടെ ഇടപെടൽ ഉണ്ടാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തം കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പെൺകുട്ടികൾക്ക് കഴിയാതെ വരുന്നു.

വൈകാരികമായി മാത്രം പ്രശ്നങ്ങളെ കാണുന്ന പ്രവണതയാണ് കുടുംബങ്ങളിൽ കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങൾ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതായും കമ്മീഷൻ വിലയിരുത്തി. നവമാധ്യമങ്ങളിൽ കൂടെയുള്ള ആശയവിനിമയം പലപ്പോഴും കുടുംബ ബന്ധങ്ങളിൽ വില്ലനായി തീരുന്നു. ദാമ്പത്യ ജീവിതത്തിലുള്ള പുരുഷന്മാരും സ്ത്രീകളും നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു ശേഷം പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. സ്ത്രീകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യാനുള്ള ഒരു വേദി നവമാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ പറഞ്ഞു.

അദാലത്തിൽ പരിഗണിച്ച 70 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. ആറ്് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിംഗിനായി അയച്ചു. മൂന്ന് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിനായും മറ്റ് മൂന്നെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനായും അയച്ചു. 43 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. പുതിയ ഒരു പരാതി ലഭിച്ചു. അഭിഭാഷകരായ കെ.പി ഷിമ്മി, ചിത്ര ശശീന്ദ്രൻ, കൗൺസലർ അശ്വതി രമേശൻ, എ എസ് ഐമാരായ വി ബിന്ദു, മിനി ഉമേഷ് എന്നിവരും പങ്കെടുത്തു.

Tags