വനിത ലോട്ടറി തൊഴിലാളികള്‍ക്കായി വനിത കമ്മിഷന്‍ പൊതു അദാലത്ത് സംഘടിപ്പിക്കും

വനിത ലോട്ടറി തൊഴിലാളികള്‍ക്കായി നവംബര്‍ 28 ന് കണ്ണൂര്‍ ജില്ലയില്‍ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിത കമ്മിഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.
സംസ്ഥാനത്തുടനീളം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി 11 പൊതു അദാലത്തുകളാണ് സംഘടിപ്പിക്കുന്നത്. അതില്‍ നാലെണ്ണം കഴിഞ്ഞു. പൊതു അദാലത്തിന് പുറമെ ജില്ലയിലെ തീരദേശ മേഖലയിലും ട്രൈബല്‍ മേഖലയിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ പ്രദേശങ്ങളില്‍ ലഹരി ഉപയോഗം മൂലമുള്ള ഗാര്‍ഹിക പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ക്യമ്പ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, വഴിതര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും അദാലത്തിലെത്തിയത്. 52 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി. ഒരെണ്ണം ജാഗ്രത സമിതിക്ക് കൈമാറി. എട്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 29 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. കൗണ്‍സലര്‍ പി. മാനസ ബാബു, അഡ്വക്കേറ്റുമാരായ കെ. എം. പ്രമീള, കെ.പി. ഷിമ്മി, വനിത സെല്‍ എ എസ് ഐ ടി.വി. പ്രിയ എന്നിവര്‍ പങ്കെടുത്തു.