സ്വര്‍ണാഭരണം കവര്‍ന്ന ശേഷം യുവതിയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

dead

കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവും 20 വര്‍ഷത്തെ അധിക തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ കാക്കനാട് സ്വദേശി അന്‍വറിന് ജീവപര്യന്തം തടവ് ശിക്ഷ. 2016ല്‍ ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ 36കാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവും 20 വര്‍ഷത്തെ അധിക തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. പിഴത്തുക മരിച്ച യുവതിയുടെ മക്കള്‍ക്ക് നല്‍കാനും ഉത്തരവിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അതിവേഗ കോടതി ജഡ്ജി കവിത ഗംഗാധരനാണ് വിധി പ്രസ്താവിച്ചത്.

2016 മാര്‍ച്ചില്‍ ബിഒടി ഈസ്റ്റ് ജങ്ഷന് സമീപമുള്ള ലോറി പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ബസ് കണ്ടക്ടറായിരുന്ന അന്‍വറും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ചേര്‍ത്തലയിലെത്തിയ പ്രതി യുവതിയെ കാറില്‍ കയറ്റി ഹാര്‍ബറിന് സമീപത്തെ ആളൊഴിഞ്ഞ ലോറി പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി. സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന മാല ബലമായി പൊട്ടിച്ചെടുത്ത ശേഷം യുവതിയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മൃതദേഹം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ അടിയില്‍ ഉപേക്ഷിച്ചു.

അന്വേഷണത്തില്‍ പ്രതി കവര്‍ന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍, കാര്‍, മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവ കണ്ടെത്തിയിരുന്നു. 

Tags