ആലപ്പുഴയിൽ വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗര്‍ഭം അലസി, ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി
വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെ ഇന്നലെ രാവിലെ 11ന് വൈദ്യുതാഘാതമേറ്റത്.
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി.മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി.
വെള്ളക്കിണർ പൂപ്പറമ്പില്‍ തൻസീറിന്റെ ഭാര്യ നജ്‌ലയ്ക്കാണ് (26) വീട്ടില്‍ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെ ഇന്നലെ രാവിലെ 11ന് വൈദ്യുതാഘാതമേറ്റത്.
യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാല്‍ ഉടൻ തന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണു പരാതി.
ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാല്‍ യുവതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
വീണ്ടും സ്കാൻ ചെയ്തപ്പോള്‍ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്തു. ബീച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം. അവരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസെത്തി നജ്‌ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
.jpg)

