വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളം: രോഗിക്കെതിരെ പോലീസ് കേസ്

കൽപ്പറ്റ: വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ രോഗിയുടെ ബഹളം.പരിഭ്രാന്തരായ മറ്റ് രോഗികൾ ഇറങ്ങിയോടി. ഒ.പി.യിൽ പരിശോധന മുടങ്ങി. ഒടുവിൽ രോഗിക്കെതിരെ കേസ്. വൈത്തിരി താലൂക്കാശുപത്രിയിലാണ് സംഭവം.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ലക്കിടി പൊക്കൻമൂല വേലായുധൻ (57) എന്നയാൾ വൈത്തിരി താലൂക്കാശുപത്രിയിലെ ഒ.പി.യിൽ എത്തിയത്.
വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ജീവനക്കാർ പിന്തിരിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനാകാൻ തുടങ്ങിയതോടെ മറ്റ് രോഗികൾ ഇറങ്ങിയോടി. പിന്നാലെ ഒ.പി. തടസ്സപ്പെട്ടു. വൈകുന്നേരമായപ്പോൾ വനിതാ ഡോക്ടറെ കാണാൻ ഭാര്യയെയും കൂട്ടി ഇയാൾ വീണ്ടുമെത്തി. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ വൈത്തിരി പോലീസ് വേലായുധൻ എന്നയാൾക്കെതിരെ കേസ് എടുത്ത് എഫ്.ഐ.ആർ.തയ്യാറാക്കിയെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനായില്ല.
പ്രതിയെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വൈത്തിരി പോലീസ് പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ ആശങ്കയുണ്ടന്ന് കെ.ജി.എം.ഒ.എ.വയനാട് ജില്ലാ പ്രസിഡണ്ട് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് പറഞ്ഞു.