ഭർതൃവീട്ടിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവം; യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ

DEATH

കാസർകോട്: പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് കെഎം മുഹമ്മദ് ആദിലിനെ റിമാൻ്റ് ചെയ്തു.

ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃമാതാവിനെയും പ്രതിചേർത്തെന്ന് പൊലീസ് അറിയിച്ചു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Tags