ഓഹരി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റില്‍

Woman arrested for fraud by promising stock profits
Woman arrested for fraud by promising stock profits

പാലക്കാട്: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമ(36)യാണ് പിടിയിലായത്. 

വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയില്‍ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച വടക്കഞ്ചേരിയില്‍ നിന്നാണ് അനുപമയെ അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ പല ഘട്ടങ്ങളിലായി മുഹമ്മദില്‍ നിന്ന് പണം വാങ്ങിയതായാണ് കേസ്. 

മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദില്‍ നിന്നും പണം വാങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
മറ്റു ജില്ലകളിലും അനുപമയ്‌ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വടക്കഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐമാരായ സി.ബി. മധു, വി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Tags