ഗർഭാവസ്ഥയുടെ പേരിൽ സ്ത്രീക്ക് സർക്കാർ ജോലി നിഷേധിക്കാൻ അധികൃതർക്ക് യാതൊരു അവകാശവുമില്ല : അലഹബാദ് ഹൈക്കോടതി

Allahabad High Court dismisses plea against demolition of Mohammad Ali Jauhar University building

 അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ ഒരു വിധി പ്രകാരം, ഗർഭാവസ്ഥയുടെ പേരിൽ സ്ത്രീക്ക് സർക്കാർ ജോലി നിഷേധിക്കാൻ അധികൃതർക്ക് യാതൊരു അവകാശവുമില്ല. മാതൃത്വവും കരിയറും തമ്മിൽ ഒന്നെങ്കിലും തിരഞ്ഞെടുക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ‘അമ്മയാകണോ അതോ ജോലി വേണോ?’ എന്ന് ഉദ്യോഗാർഥികളോട് ചോദിക്കാൻ ആർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഫോറസ്റ്റ് ഗാർഡ്, വൈൽഡ് ലൈഫ് ഗാർഡ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് ഈ നിർണായക നിയമപോരാട്ടം നടന്നത്. 2023 സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്ത റിക്രൂട്ട്‌മെന്റ് നടപടികൾ നീണ്ടുപോയി രണ്ട് വർഷത്തിന് ശേഷമാണ് പരീക്ഷ നടന്നത്. ഈ കാത്തിരിപ്പ് കാലയളവിൽ വിവാഹിതയാവുകയും ഗർഭിണിയാകുകയും ചെയ്ത യുവതി രേഖാമൂലമുള്ള പരീക്ഷയിൽ വിജയിച്ചു. തുടർന്ന് നാല് മണിക്കൂറിനുള്ളിൽ 14 കിലോമീറ്റർ നടക്കുക എന്ന കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി തന്റെ ശാരീരികാവസ്ഥ ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അത് തള്ളിക്കളഞ്ഞതിനെത്തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.

ഗർഭാവസ്ഥയെന്നത് ഒരു സ്ത്രീക്ക് സർക്കാർ ജോലിക്ക് അയോഗ്യതയല്ലെന്നും, മാതൃത്വം എന്നത് ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ പ്രതിഭാസമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. റിക്രൂട്ട്‌മെന്റ് നടപടികൾ വൈകിയ സാഹചര്യത്തിൽ അധികൃതർ കൂടുതൽ സഹാനുഭൂതിയോടെ പെരുമാറണമായിരുന്നു. പരീക്ഷ മാറ്റിവെക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന കമ്മീഷന്റെ വാദം തള്ളിയ കോടതി, ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ മാനുഷിക പരിഗണന നൽകാൻ കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കി.

തുടർന്ന്, യുവതിക്ക് വേണ്ടി നാലാഴ്ചയ്ക്കകം പുതിയ കായികക്ഷമതാ പരീക്ഷ നടത്താൻ ചീഫ് ജസ്റ്റിസ് അരുൺ ഭൻസാലി, ജസ്റ്റിസ് ജസ്‌പ്രീത് സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പരീക്ഷയിൽ വിജയിക്കുകയാണെങ്കിൽ ഒബിസി വനിതാ വിഭാഗത്തിൽ അർഹമായ സീനിയോറിറ്റിയോടെ നിയമനം നൽകണമെന്നും, അതുവരെ ഈ വിഭാഗത്തിൽ ഒരു തസ്തിക ഒഴിച്ചിടണമെന്നും കോടതി കർശന നിർദ്ദേശം നൽകി.

Tags