കൂടത്തായി കൂട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ഒപ്പ് സാക്ഷികൾ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ രണ്ട് സാക്ഷികളുടെ വിസ്താരംകൂടി മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ നടന്നു. 161ാം സാക്ഷി റിട്ട. ട്രഷറി ഓഫിസർ എം.പി.എം. അബ്ദുൽഖാദർ, 162ാം സാക്ഷി ആനക്കല്ലിൽ എ.ഡി. ദേവസ്യ എന്നിവരുടെ വിസ്താരമാണ് ചൊവ്വാഴ്ച പൂർത്തിയായത്.
താമരശ്ശേരി ട്രഷറിയിൽ അസി. ഡിസ്ട്രിക്ട് ട്രഷറി ഓഫിസറായി ജോലി ചെയ്തതായി അബ്ദുൽ ഖാദർ മൊഴി നൽകി. ഒന്നാം പ്രതി കൊല ചെയ്തതായി പ്രോസിക്യൂഷൻ ആരോപിക്കുന്ന ടോം തോമസിന്റെ സ്പെസിമൻ സിഗ്നേച്ചർ കാർഡിലെ ഒപ്പ് ഓഫിസർ തിരിച്ചറിഞ്ഞു. ടോം തോമസ് മരിച്ചപ്പോൾ പെൻഷൻ തുക ഒന്നാം പ്രതിയും മറ്റും ചേർന്ന് പിൻവലിച്ചതായാണ് കേസ്.
കൂടത്തായി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ട്രഷററായിരുന്നു താനെന്ന് ദേവസ്യ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവരുടെ വിസ്താരത്തിൽ മൊഴി നൽകി. 2006 മുതൽ താൻ ട്രഷറർ ആയിരുന്ന കാലത്ത് കമ്മിറ്റി പ്രസിഡന്റ് ടോം തോമസ് ആയിരുന്നു. കമ്മിറ്റി മിനുട്സിലെ ടോം തോമസിന്റെ കൈയക്ഷരവും ഒപ്പും സാക്ഷി തിരിച്ചറിഞ്ഞു. സാക്ഷിവിസ്താരം ബുധനാഴ്ച തുടരും.