രാത്രി ഫോണില്‍ പുതിയ സിം ഇട്ടതോടെ കാണാതായ പെണ്‍കുട്ടികളുടെ ലൊക്കേഷന്‍ ലഭിച്ചു ; കേരള പൊലീസിന്റെ നിര്‍ണ്ണായക നീക്കം

missing girls
missing girls

കുട്ടികള്‍ അവിടെ എത്തിയതായി മലയാളിയായ സലൂണ്‍ ഉടമയും  പിന്നീട് സ്ഥിരികരിച്ചു.

ബുധനാഴ്ച മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവര്‍ ഒരു സലൂണിലെത്തി ഹെയര്‍ ട്രീറ്റ്‌മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികള്‍ അവിടെ എത്തിയതായി മലയാളിയായ സലൂണ്‍ ഉടമയും  പിന്നീട് സ്ഥിരികരിച്ചു.

സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയതാണെന്നാണ് ഇവര്‍ സലൂണില്‍ വെച്ച് പറഞ്ഞത് ഇവരെ കൊണ്ടുപോകാന്‍ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവര്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. നാല് മണിയോടെ ഇവര്‍ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷന് എത്തിയെന്നാണ് വിവരം . പിന്നീട് നാല് മണിക്കൂറോളം ഇവര്‍ അവിടെ തന്നെ തുടര്‍ന്നു. രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവര്‍ പുതിയ ഒരു സിം കാര്‍ഡ് ഇട്ടു. ഇതാണ് നിര്‍ണായകമായത്.
കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. മുംബൈ സിഎസ്ടി റെയില്‍വെ സ്റ്റേഷന് പരിസരത്തു നിന്നാണ് ലൊക്കേഷന്‍ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ സിഎസ്ടിയില്‍ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പിടികൂടുന്നത്.

നിലവില്‍ റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയില്‍ യാത്ര തുടരുന്ന കുട്ടികളെ പൂനെയില്‍ ഇറക്കും. താനൂര്‍ എസ്.ഐയും രണ്ട് പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തില്‍ രാവിലെ ആറ് മണിയോടെ മുംബൈയിലേക്ക് പോകും. എട്ട് മണിക്ക് മുംബൈയിലെത്തുന്ന ഇവര്‍ ഒന്‍പത് മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് തിരിക്കും. കുട്ടികള്‍ ഈ ട്രെയിനില്‍ ഉണ്ടെന്ന വിവരം കേരള പൊലീസില്‍ നിന്ന് ലഭിച്ചതോടെയായിരുന്നു ഇവരെ പിടികൂടാനുള്ള ആര്‍പിഎഫിന്റെ നിര്‍ണായക നീക്കം.

Tags