മണ്ണാര്‍ക്കാട് എട്ടുവയസ്സുകാരന് നൽകിയ ഗുളികയിൽ കമ്പിക്കഷണം

A piece of wire was found in a pill given to an eight-year-old boy in Mannarkad
A piece of wire was found in a pill given to an eight-year-old boy in Mannarkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗര ജനകീയാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ എട്ടുവയസ്സുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം. നഗരസഭയുടെ കീഴില്‍ നാരങ്ങപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍നിന്നു നല്‍കിയ പാരസീറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്.

tRootC1469263">

പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയുമായി കുടുംബം ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയത്. പരിശോധിച്ചശേഷം പാരസീറ്റമോള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തേക്ക് രണ്ടുമരുന്നുകള്‍ ഡോക്ടര്‍ കുറിച്ചുനല്‍കി. ചെറിയകുട്ടിയായതിനാല്‍ പാരസീറ്റമോള്‍ അരഗുളികവീതം മൂന്നുനേരം കഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം രാത്രി മാതാവ് റാബിയ ഗുളിക കൈകൊണ്ട് പകുതി മുറിച്ചപ്പോഴാണ് കമ്പിക്കഷണം കാണുന്നത്. ഗുളികയോളം നീളമുണ്ട് കമ്പിക്കഷണത്തിനും.

നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മണ്ണാര്‍ക്കാട് കല്ലിപ്പറമ്പന്‍ വീട്ടില്‍ കെ.പി. മുഹമ്മദ് അസീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ബുധനാഴ്ച പരാതി നല്‍കി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന എത്തിക്കുന്ന മരുന്നാണ് ആരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത്. മാര്‍ച്ചിലാണ് ആരോഗ്യകേന്ദ്രത്തിലേക്ക് മരുന്നുകളെത്തിച്ചത്. ഗുളികയില്‍ കമ്പിക്കഷണം കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്നത്തേതില്‍ ബാക്കിയുള്ള 1,734 പാരസീറ്റമോള്‍ ഗുളികകളും മാറ്റിവെച്ചിട്ടുണ്ടെന്ന് നാരങ്ങപ്പറ്റ നഗര ജനകീയാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിഷ അറിയിച്ചു. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ആരോഗ്യദൗത്യത്തിനും മണ്ണാര്‍ക്കാട് നഗരസഭയ്ക്കും റിപ്പോര്‍ട്ട് നല്‍കിയതായും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആരോഗ്യകേന്ദ്രത്തില്‍ വ്യാഴാഴ്ച പരിശോധന നടത്തുമെന്നും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷെഫീഖ് റഹ്‌മാനും ആവശ്യപ്പെട്ടു.
 

Tags