നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ച് കൊല്ലുമെന്നുറപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്

chakkittappara panchayath office
chakkittappara panchayath office

21 അംഗ ഷൂട്ടേഴ്‌സ് പാനലിന്റെ യോഗവും ചേര്‍ന്നിട്ടുണ്ട്

കോഴിക്കോട്: നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി എടുത്തു മാറ്റാനുള്ള വനം വകുപ്പ് ശുപാര്‍ശക്കെതിരെ ഈ മാസം 24ന് റേഞ്ച് ഓഫീസ് ഉപരോധിക്കും. ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യും. 21 അംഗ ഷൂട്ടേഴ്‌സ് പാനലിന്റെ യോഗവും ചേര്‍ന്നിട്ടുണ്ട്. 

പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന ഏത് തീരുമാനവും നടപ്പാക്കുമെന്ന് ഷൂട്ടേഴ്‌സ് ഉറപ്പു നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രതികരിച്ചു. നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്തെത്തിയിരുന്നു. 

പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയെന്നും വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. 

തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വനം വകുപ്പ് ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെയണ് പഞ്ചായത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 

Tags