വന്യജീവി ആക്രമണം: നഷ്ടപരിഹാരതുക കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
തൃശ്ശൂർ : അതിരപ്പിള്ളിയിൽ വൈശ്ശേരി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീട് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. പരേതന്റെ കുടുംബാംഗങ്ങളെ മന്ത്രി സമാശ്വസിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അടിയന്തര ധന സഹായമായി കൈമാറുകയും ചെയ്തു. വന്യജീവി ആക്രമണത്താൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് നൽകി വരുന്ന നഷ്ടപരിഹാരതുക കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിലെയും ഇതര വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും, ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് മറ്റ് ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് ചാലക്കുടി-വാഴച്ചാൽ വനമേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് ചാലക്കുടി പി.ഡബ്ളു.ഡി. റസ്റ്റ് ഹൌസിൽ വച്ച് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.
108 ആംബുലൻസ് സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തും,
പഞ്ചായത്തും വനം വകുപ്പും സംയുക്തമായി സ്ഥലം എം.പിയെയും എം.എൽ.എയെയും ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കി അംഗീകാരം നേടുന്നതിന് ശ്രമിക്കും,
വനം- വന്യജീവി പ്രതിരോധ സേനയിൽ ആദിവാസികളെ കൂടുതലായി ഉൾപ്പെടുത്തും,
കേരളത്തിന്റെ വനവിസ്തൃതിക്ക് അനുസരിച്ച് ആനയുൾപ്പെടെയുള്ള വന്യജീവികളുടെ വർദ്ധനവ് ഉണ്ടോയെന്നും ഇത് വന്യജീവികളുടെ ഭക്ഷണലഭ്യതയെ ബാധിക്കുന്നുണ്ടോയെന്നതും പഠനവിധേയമാക്കും തുടങ്ങിയ തീരുമാനങ്ങൾ എടുത്തു.
കൂടാതെ കാട്ടാനയുടെ ക്യാരിയിംഗ് കപ്പാസിറ്റി പഠിക്കുന്നതിന് ഡെറാഡൂൺ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യക്ക് നിർദ്ദേശം നൽകും.
അതിരപ്പിള്ളി മേഖലയിൽ പ്രശ്നം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ള രണ്ട് ആനകളെ ഉൾവനത്തിലേക്ക് മാറ്റുവാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വനമേഖലയിൽ കൂടി കടന്നു പോകുന്ന പി.ഡബ്ളു.ഡി./ പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിക്കും. ഒരു സ്പെഷ്യൽ ഡ്രൈവ് ഇന്നു മുതൽ ആരംഭിക്കുകയും, ആവശ്യമുള്ളിടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുകയും ചെയ്യും.
വനാതിർത്തികളിൽ ഫെൻസിംഗ് നിലവിലുള്ള പ്രദേശങ്ങളിൽ പരമാവധി 20 മീറ്റർ വീതിയിൽ വിസ്തൃതിയിൽ ക്ലിയറൻസ് നടത്തും.
വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ എ ഐ ടൂൾ, ഹാങ്ങിംഗ് സോളാർഫെൻസിംഗ്, ട്രെഞ്ച് ഫെൻസിംഗ് എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇവയുടെ പരിപാലനം പഞ്ചായത്തും വനം വകുപ്പും സംയുക്തമായി നടപ്പിലാക്കും. ജനജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ, ബെന്നി ബഹന്നാൻ.എം.പി, സനീഷ് കുമാർ ജോസഫ്.എം.എൽ.എജില്ലാ കളക്ടർമാരായ ശിഖ സുരേന്ദ്രൻ, പ്രിയങ്ക ജി. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരായ പുകഴേന്തി, പ്രമോദ് ജി. കൃഷ്ണൻ. ആർ. ആടലരശൻ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ തുടങ്ങിയവരും മറ്റ് വനം വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരും, ഇതര വകുപ്പുകളിലെ ജില്ലാതല തല ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും കർഷക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
.jpg)

