മഞ്ചേരിയിൽ വീടിനകത്തേക്ക് കാട്ടുപന്നി ഓടിക്കയറി, രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

k

വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചു കൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് ഓടി കയറുകയായിരുന്നു

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ വീടിനകത്ത് കയറിയ കാട്ടുപന്നിയില്‍ നിന്നും പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.

വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചു കൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് ഓടി കയറുകയായിരുന്നു. അലവിയുടെ മകന്‍ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.

എന്നാൽ ഉടനെ ഫവാസിന്റെ അമ്മാവനായ അബ്ദുല്‍ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതില്‍ പുറത്തു നിന്ന് അടക്കുകയുമായിരുന്നു.പിന്നീട് വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വീടിനുള്ളിൽ കാട്ടുപന്നി കയറിയ വിവരം അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി ഷംസിയ ടീച്ചര്‍ നഗരസഭയെ വിവരമറിയിക്കുകയും ചെയ്തു.

നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ സാലിം മഞ്ചേരി ഷൂട്ടര്‍മാരെ വിവരമറിയിക്കുകയുമായിരുന്നു. ഷൂട്ടര്‍മാരായ കെ. വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവര്‍ സ്ഥലത്തെത്തി ജനല്‍പാളി തുറന്ന് മുറിക്കകത്തുളള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.

 

Tags