ഭര്‍ത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കിയ ഉടന്‍ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു

husband

ഷേര്‍ലി കുര്യന്‍ (71) ആണ് ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചത്.

പാലായില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കിയ ഉടന്‍ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫിന്റെ (കുര്യച്ചന്‍-73) സംസ്‌കാര ചടങ്ങുകള്‍ക്കിടയിലാണ് സംഭവം നടന്നത്. ഷേര്‍ലി കുര്യന്‍ (71) ആണ് ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചത്.
കഴിഞ്ഞ 15-ന് ഉച്ചയോടെയാണ് കുര്യച്ചന്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വസതിയിലെ പ്രാഥമിക ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളിയിലേക്കു മാറ്റാന്‍ എടുത്ത സമയത്തായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് അന്ത്യചുംബനം നല്‍കിയ ഷേര്‍ലി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന്‍ ഉപദേശക സമിതി അംഗവും, പാലായിലെ ആദ്യകാല വ്യാപാരിയുമായിരുന്നു അന്തരിച്ച കുര്യന്‍ ജോസഫ്. എടത്വ പച്ച കാവിലവീട് കുടുംബാംഗമാണ് ഷേര്‍ലി. ദമ്പതികളുടെ വേര്‍പാടിന്റെ നടുക്കത്തിലും ദുഃഖത്തിലുമാണ് ബന്ധുക്കളും നാട്ടുകാരും. എയ്ഞ്ചല കുര്യന്‍, അന്ന കുര്യന്‍, എബി കുര്യന്‍ എന്നിവരാണ് മക്കള്‍.

Tags