ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതി ; കോഴിക്കോട് തിയറ്ററുകളിൽ മിന്നൽ പരിശോധന
കോഴിക്കോട് നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന. ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും കർശന നിർദ്ദേശപ്രകാരമായിരുന്നു നടപടി.
പരിശോധനയിൽ തിയറ്ററുകളിലെ കഫേകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്റ്റോർ റൂമുകളിൽ ഭക്ഷ്യവസ്തുക്കൾ കൃത്യമായ താപനിലയിൽ സൂക്ഷിക്കാതിരിക്കുക, വിൽപനയ്ക്കായി വെച്ച സാധനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. അതേസമയം, അളവ് തൂക്ക ഉപകരണങ്ങളിൽ മറ്റ് നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തിയറ്ററുകളിൽ കൃത്യമായ വിലവിവര പട്ടിക പ്രദർശിപ്പിക്കാനും, സിനിമ കാണാൻ എത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം ഉറപ്പാക്കാനും സിവിൽ സപ്ലൈസ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുല, കോഴിക്കോട് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ കെ.കെ. നാസർ, ബിനു ബാലക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.
.jpg)

