'50 ലക്ഷം ഭാര്യയുടെ പേരില്‍ നിന്ന് മാറ്റിയതെന്തിന്?, സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താമോ?'; ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്

sudhakaran

താങ്കള്‍ക്ക് എതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളോട് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം പറയുമോ?

ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുധാകരനെ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയ്യാറുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും 50 ലക്ഷം മാറ്റിയത് എന്തിന് വേണ്ടിയാണെന്നും നോമിനേഷനില്‍ പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും അദ്ദേഹം സുധാകരനോട് ചോദിക്കുന്നു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ ജി സുധാകരന്‍,

താങ്കള്‍ക്ക് എതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളോട് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം പറയുമോ?

ഞാന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു..

താങ്കള്‍ തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച മുന്‍പ് 50 ലക്ഷം ഭാര്യയുടെ പേരില്‍ നിന്ന് മാറ്റിയത് നോമിനേഷനില്‍ പണം കുറച്ചു കാണിക്കാന്‍ ആയിരുന്നില്ലേ?

ഇത് ജനങ്ങളെ കബളിപ്പിക്കാന്‍ അല്ലെ?

ഒരേ മേല്‍വിലാസത്തില്‍ താമസിക്കുന്ന മകന്റെ സ്വത്ത് വിവരങ്ങള്‍ താങ്കള്‍ മറച്ചു വെച്ചത് തെറ്റായ കാര്യം അല്ലെ?

സ്വത്തുക്കള്‍ സുതാര്യമാണെങ്കില്‍ താങ്കളുടെയും ഭാര്യയുടെയും മകന്റെയും മരുമകളുടെയും NRI ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും വെളിപ്പെടുത്താന്‍

തയ്യാറുണ്ടോ?

നേരത്തെ നാമനിര്‍ദ്ദേശപത്രികയില്‍ സുധാകരന്‍ ബോധിപ്പിച്ച സ്വത്തുവകകള്‍ വ്യാജമാണെന്ന പരാതിയുമായി സുരേഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

സത്യവാങ്മൂലത്തില്‍ സാമ്പത്തിക കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നായിരുന്നു പരാതി. ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം കൈമാറിയിരുന്നു.

Tags