സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് നിയമസഭയിൽ സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ സമർപ്പിക്കും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ പോരായ്മകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് സമിതി സമർപ്പിക്കുന്നത്.
യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം. കഴിഞ്ഞ പത്ത് വർഷത്തെ വരുമാന-ചെലവ് കണക്കുകളും വിവിധ പദ്ധതികൾക്കായി ലഭിച്ച കേന്ദ്രഫണ്ടുകളുടെ വിനിയോഗവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ഇതിന് അന്തിമ അംഗീകാരം നൽകും. ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായി, “ധവളപത്രം വരുമ്പോൾ നമുക്ക് കാണാം, അത്തരം ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായടപ്പിക്കാൻ നോക്കേണ്ട” എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു.
.jpg)

