'ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്'? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരന്‍
ഭരണഘടന നിര്‍മാണസഭ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയാണെന്നും വി മുരളീധരന്‍
മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണമായും ആലപിച്ചത് ചോദ്യം ചെയ്ത മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നിയുക്ത ബിജെപി നിയമസഭാ കക്ഷി നേതാവ് വി മുരളീധരന്‍. വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വന്ദേമാതരത്തിന്റെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നതെന്നും ഭരണഘടന നിര്‍മാണസഭ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയാണെന്നും വി മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.
വന്ദേമാതരത്തിന്റെ ചില വരികള്‍ വിവാദങ്ങള്‍ക്ക് ഇടയാകുന്നതും ആശങ്ക ഉയര്‍ത്തുന്നതുമാണെന്ന് റിയാസ് കുറിച്ചിരുന്നു. വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു അഡൈ്വവസറി മാത്രമാണെന്നും നിര്‍ബന്ധമല്ലെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
'സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പാടിയത് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തെ ആശങ്കപ്പെടുത്തുന്നുവത്രെ. വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ ചരിത്രപരമായി ആശങ്കയുണ്ടാക്കിയവയാണ് എന്നാണ് മുഹമ്മദ് റിയാസിന്റെ കണ്ടെത്തല്‍. ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത് എന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണം.
ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നതോ ദേശദ്രോഹപരമായതോ എന്തെങ്കിലും വന്ദേമാതരത്തിലുണ്ടോ, ഭരണഘടന നിര്‍മാണ സഭ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയാണ്, രാജ്യത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നത് എന്ന് മുഹമ്മദ് റിയാസ് ആരോപിക്കുന്ന ഭാഗം ഏതെന്ന് താങ്കള്‍ പറയണം, ഇത് സിപിഎം എന്ന പാര്‍ട്ടിയുടെ നിലപാടാണോ എന്ന് എംവി ഗോവിന്ദനും വ്യക്തമാക്കണം' - അദ്ദേഹം കുറിച്ചു.
.jpg)

