കേരളത്തിൽ ഇന്നലെ അനുഭവപ്പെട്ടത് മേഘവിസ്‌ഫോടനം അല്ല; ഐഎംഡി ഡയറക്ടർ നിത കെ ഗോപാൽ

s

വരും ദിവസങ്ങളിലും സമാന രീതിയിൽ ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ചെറിയ സമയത്തിനകം അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍. ഇത്തരം ശക്തമായ മഴകള്‍ മണ്ണിടിച്ചിലിനോ മിന്നല്‍ പ്രളയത്തിനോ കുത്തൊഴുക്കിനോ കാരണമാകുമെന്നും അഞ്ചോ പത്തോ കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മഴ പെയ്യുകയെന്നും നീത കെ ഗോപാല്‍ വിശദീകരിക്കുന്നു. മുന്നറിയിപ്പ് ഇല്ലാതെ എത്തുന്ന ഈ മഴകള്‍ വലിയ അപകടങ്ങള്‍ക്കും കാരണമാകുമെന്നും നീത  പറഞ്ഞു. കേരളത്തില്‍ ഇന്നലെ അനുഭവപ്പെട്ട അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്‌ഫോടനം അല്ലെന്നും നീത വ്യക്തമാക്കി.

മേഘവിസ്ഫോടനം എന്ന് വർഗ്ഗീകരിക്കാവുന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ സ്ഥലങ്ങളിൽ കുറഞ്ഞ സമയത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഐ എം ഡി ഡയറക്ടർ ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില വർദ്ധിച്ചു നിൽക്കുന്നതും ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ന്യൂനമർദ്ദ സാന്നിധ്യവുമാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. 

വരും ദിവസങ്ങളിലും സമാന രീതിയിൽ ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും മലവെള്ളപ്പാച്ചിൽ സാധ്യത മുന്നിൽ കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിത കെ ഗോപാൽ ആവശ്യപ്പെട്ടു.

Tags