'750 കോടിക്ക് സര്‍ക്കാര്‍ എന്താണ് വയനാട്ടില്‍ ചെയ്യുന്നത്? ഞങ്ങള്‍ 100 വീട് പറഞ്ഞു, ആ വാഗ്ദാനം നിറവേറ്റും'

abin varkey

എത്ര കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കലിന് കൊടുത്തത് എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.


വയനാട് പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയതിന്റെ ടെന്‍ഡര്‍ രേഖ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനുളളില്‍ കേരളത്തില്‍ ഒരു ടെന്‍ഡര്‍ പോലുമില്ലാതെ സര്‍ക്കാര്‍ ഊരാളുങ്കലിന് കൊടുത്ത പ്രൊജക്ടുകളുടെ എണ്ണം എത്രയാണെന്നും അബിന്‍ വര്‍ക്കി ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെന്നും വയനാട് പുനരധിവാസ പദ്ധതിയില്‍ എത്ര കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കലിന് കൊടുത്തത് എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

tRootC1469263">

വയനാടിന്റെ പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൊടുത്തത് ഏത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. 'വയനാട്ടില്‍ ഞങ്ങള്‍ 100 വീട് പണിയുന്നുണ്ട്, ലീഗ് 100 വീട് പണിയുന്നുണ്ട്. ആകെ 450 പേര്‍ക്കാണ് വീട് വേണ്ടത്. സര്‍ക്കാരിന് അപ്പോള്‍ പണിത് കൊടുക്കേണ്ടത് 250 വീടുകളോളമാണ്. അതില്‍ തന്നെ 100 വീടിനുളള തുക കൊടുത്തത് കര്‍ണാടക സര്‍ക്കാരാണ്. 750 കോടി രൂപയ്ക്ക് സര്‍ക്കാര്‍ എന്താണ് വയനാട്ടില്‍ ചെയ്യാന്‍ പോകുന്നത്? ഊരാളുങ്കല്‍ ഈ പണം എന്താണ് ചെയ്യാന്‍ പോകുന്നത്? അവര്‍ക്ക് ഏത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി കൊടുത്തത്. വയനാട് പുനരധിവാസ പദ്ധതി ഊരാളുങ്കലിന് കൊടുത്തതിന്റെ ടെന്‍ഡര്‍ രേഖ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്', അബിന്‍ വര്‍ക്കി പറഞ്ഞു.

'വയനാടുമായി ബന്ധപ്പെട്ട ആദ്യ ഗഡു ഞങ്ങള്‍ കൈമാറിയിട്ടുണ്ട്. ഒരുകോടി അഞ്ച് ലക്ഷം രൂപ കെപിസിസിയുടെ ഫണ്ടിലേക്ക് കൊടുത്തിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുളള പണവും ഞങ്ങള്‍ നല്‍കും. കെപിസിസി സ്ഥലം കണ്ടെത്തി അവിടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഉടന്‍ തന്നെ തറക്കല്ലിടല്‍ ചടങ്ങുകളും ഉണ്ടാകുന്നതാണ്. വയനാടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നല്‍കിയ ഉറപ്പ് നിറവേറ്റുമെന്നതില്‍ സംശയമില്ല. ഞങ്ങള്‍ 100 വീടുകള്‍ പറഞ്ഞു, ആ നൂറ് വീടുകള്‍ പൂര്‍ത്തീകരിക്കും. അതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വീടുകളുമുണ്ടാകും. ഇന്നും സര്‍ക്കാരിന്റെ വീട് പണി എവിടെയാണ് എന്ന് ചോദിച്ചാല്‍ അത് നടക്കുന്നു എന്ന ഉത്തരം മാത്രമാണുളളത്', അബിന്‍ കൂട്ടിച്ചേര്‍ത്തു.

Tags