ഈ കേസിൽ മാത്രം എന്താണ് പ്രത്യേകത? പ്രോസിക്യൂഷന് കനത്ത തിരിച്ചടി; എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് പ്രോസിക്യൂഷന് കനത്ത തിരിച്ചടി. കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ കോടതി തള്ളി.കേസ് പരിഗണിക്കവെ പോലീസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റമല്ലെങ്കിൽ ജുവനൈലിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും, നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ട് പോയാൽ മതിയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കി. ആരുടെയെങ്കിലും ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടാകുമ്പോൾ അതിന് വഴങ്ങുന്ന രീതിയിലേക്ക് പോലീസ് അധഃപതിച്ചുവെന്ന വിമർശനവും കോടതി ഉന്നയിച്ചു.
നേരത്തെ പ്രതിയായ ജഡ്ജിയുടെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഘട്ടത്തിലും സർക്കാരിനും പ്രോസിക്യൂഷനും കോടതിയുടെ വിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്നും, കേസിൽ രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകുന്ന വ്യക്തിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി വികാരാധീനയായി രംഗത്തെത്തി. ഈ വിധി തന്റെ നെഞ്ചിൽ കുത്തുന്നതുപോലെയാണെന്നും, പിതാവിന്റെ മരണാനന്തര ചടങ്ങുകൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വിധി വന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കുടുംബത്തിന് നീതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും, എന്നാൽ അതുണ്ടായില്ലെന്നും അവർ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ആരും തോറ്റ് പിന്മാറുമെന്ന് കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
.jpg)

