'ഈ മഹാന്‍ പാര്‍ട്ടിക്ക് വേണ്ടി എന്താണ് ചെയ്തത്?'; കെ കെ രാഗേഷിനെതിരെ ടി കെ ഗോവിന്ദന്‍

t k govindan

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നു. അവര്‍ക്ക് മറുപടി നല്‍കാനറിയാമെന്നും ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍. താന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമ്പോള്‍ ജനിക്കാത്ത ജില്ലാ സെക്രട്ടറിയാണ് തന്നെയിപ്പോള്‍ വിമര്‍ശിക്കുന്നതെന്ന് ടി കെ ഗോവിന്ദന്‍ പരിഹസിച്ചു. കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നു. അവര്‍ക്ക് മറുപടി നല്‍കാനറിയാമെന്നും ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു.

കെ കെ രാഗേഷിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും കുട്ടിത്തമായേ കാണുന്നുള്ളൂ എന്നും പറഞ്ഞ ഗോവിന്ദന്‍, ഇക്കാര്യത്തില്‍ അടുത്ത ദിവസം കണ്ണൂരില്‍ മറുപടി പറയുമെന്നും വ്യക്തമാക്കി.

'ആളെ കൂട്ടുപിടിച്ച് സ്ഥാനം മോഹങ്ങള്‍ നേടി എടുത്തവരെ എല്ലാവര്‍ക്കു അറിയാം. താന്‍ സിപിഐഎം ഏരിയ സെക്രട്ടറി ആകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല. ആ വിദ്ധ്വാനുള്ള മറുപടി കണ്ണൂരില്‍ പറയും. കെ സുധാകരനോട് എത്ര ലക്ഷം വോട്ടിനാണ് രാഗേഷ് തോറ്റത്? തോറ്റ് തുന്നംപാടി നില്‍ക്കുമ്പോഴാണ് രാഗേഷിനെ രാജ്യസഭ എംപിയാക്കിയത്. രാജ്യസഭയില്‍ നിന്ന് വന്നയുടന്‍ പിണറായി വിജയന്റെ സെക്രട്ടറിയാക്കി. ഈ മഹാന്‍ പാര്‍ട്ടിക്ക് വേണ്ടി എന്താണ് ചെയ്തത്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നു. ലോക്കല്‍ സെക്രട്ടറി ആയിട്ടുള്ള അനുഭവം പോലും അയാള്‍ക്കില്ല.'

'പാര്‍ലമെന്റില്‍ സിപിഐഎം തകര്‍ന്നതെങ്ങനെ എന്ന് ചിന്തിക്കുന്നില്ല. എത്ര തവണ തെറ്റുതിരുത്തല്‍ സമ്മേളനം ചേര്‍ന്നു. എന്നാല്‍ ഒരു തവണയും തെറ്റുതിരുത്തിയില്ല. മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന പാര്‍ട്ടിയാണ് എന്ന് പറഞ്ഞ് താഴെ തട്ടില്‍ നിന്നുള്ളതൊന്നും നേതൃത്വം കേള്‍ക്കുന്നില്ല. ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി എന്നാണ് നിലപാട്. അഹന്തയുടെ ഭാഷയാണിപ്പോള്‍ സിപിഐഎമ്മിന്. ഞാന്‍ പാര്‍ട്ടിയുടെ പുറത്താണ്. പാര്‍ട്ടിയിലുള്ളവര്‍ ചോദിക്കട്ടെ. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പാര്‍ട്ടി നേതൃത്വം തിരുത്തിയോ, അനധികൃതമായി ഫണ്ട് പിരിക്കുന്നത് തിരുത്തിയോ, ആളുകള്‍ വ്യതിചലിച്ചു പോകുന്നത് എന്തുകൊണ്ട് എന്ന് പാര്‍ട്ടി ചിന്തിക്കുന്നില്ല', ടി കെ ഗോവിന്ദന്‍ പറഞ്ഞു.

Tags