പശ്ചിമേഷ്യയിൽ സംഘർഷം ; ലോകകേരളസഭ അംഗങ്ങളുമായി ചർച്ച നടത്തി മുഖ്യമന്ത്രി
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സാഹചര്യത്തിൽ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ കേരളീയ സമൂഹത്തിലും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഗൾഫിൽ കഴിയുന്ന മലയാളികളോട് സർക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാഹചര്യം സങ്കീർണ്ണമായാൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
tRootC1469263">പ്രവാസികളുടെ ബന്ധുക്കൾക്ക് ആശയവിനിമയം നടത്തുന്നതിനായി ഹെൽപ്പ് ലൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിക്കും. നിലവിൽ നോർക്കയുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ ഉള്ളവർ, യാത്രാതടസ്സം നേരിടുന്നവർ, രോഗികൾ എന്നിവർക്ക് ആവശ്യമായ പിന്തുണ നൽകാൻ ലോകകേരളസഭ അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളുമായി നിരന്തരം ബന്ധം പുലർത്താനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
യുദ്ധസാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി പ്രവാസികളോട് അഭ്യർത്ഥിച്ചു. ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നോർക്ക വഴി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
.jpg)


