മാധ്യമപ്രവർത്തകൻ സാജിദ് അജ്മലിനെ ഉന്നമിട്ടുള്ള ആർ എസ് എസ് - ബി ജെ പി നീക്കങ്ങൾക്കെതിരെ സാമൂഹിക ജാഗ്രത വേണം : വെൽഫെയർ പാർട്ടി
തിരുവനന്തപുരം: പാലക്കാട് ബിജെപി യുടെ വോട്ടിന് നോട്ട് അട്ടിമറിശ്രമം പുറത്തു കൊണ്ട് വന്ന മാധ്യമപ്രവർത്തകൻ സാജിദ് അജ്മലിനെ ഉന്നമിട്ട് ബി ജെ പി - ആർ എസ് എസ് കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. സാജിദിനെ അപായപ്പെടുത്തുവാനോ കള്ളക്കേസിൽ പെടുത്തുവാനോ ഉള്ള നീക്കങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊള്ളുന്ന ബി ജെ പി യുടെ പതിവ് ശൈലികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയരണം.
തെരഞ്ഞെടുപ്പിന്റെ തലേദിവസം ബി ജെ പി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് മണ്ഡലത്തിൽ നടന്ന വ്യാപകമായ പണവിതരണം സാജിദ് അജ്മൽ അടക്കമുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ബി ജെ പി യുടെ ഭീഷണികളെ വക വെക്കാതെ മുഴുവൻ മാധ്യമപ്രവർത്തകരും ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സംഭവം റിപ്പോർട്ട് ചെയ്തു. ആദ്യം റിപ്പോർട്ട് ചെയ്ത സാജിദ് അജ്മൽ എന്ന മാധ്യമപ്രവർത്തകനെയും അദ്ദേഹം ജോലി ചെയ്യുന്ന മീഡിയവണ്ണിനെയും പ്രത്യേകം ഉന്നമിട്ടു കൊണ്ടാണ് ശോഭ സുരേന്ദ്രൻ അടക്കമുള്ള ബി ജെ പി നേതാക്കൾ പ്രതികരിച്ചത്. തൃശൂർ, തിരുവനന്തപുരം അടക്കം ബി ജെ പി ലക്ഷ്യം വെക്കുന്ന പലയിടങ്ങളിലും കിറ്റും പണവും വിതരണം ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നടത്തിയിട്ടുണ്ട്.
സ്വതന്ത്ര മാധ്യമപ്രവർത്തനം ബി ജെ പി യുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദമാക്കാനുള്ള ഫാഷിസത്തിന്റെ ഹീനശ്രമങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും പോലീസ് സംവിധാനം കനത്ത ജാഗ്രത പുലർത്തുകയും വേണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
.jpg)

