സാമൂഹ്യ നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നത് : വെൽഫെയർ പാർട്ടി


തിരുവനന്തപുരം: ദലിത് - ആദിവാസി- പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങളും സാമൂഹിക പുരോഗതിക്കുമുള്ള ശ്രമങ്ങളും അട്ടിമറിക്കാൻ ശ്രമിക്കുന്ന സവർണ ശക്തികളാണ് ജാതി സെൻസസിനെ എതിർക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ജാതി സെൻസസ് നടപ്പാക്കരുതെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ഇതിൻ്റെ ഭാഗമാണ്. ഭരണകൂടങ്ങൾക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് സവർണ സമൂഹങ്ങൾ നടത്തിയ അട്ടിമറിയുടെയും വഞ്ചനയുടെയും ഫലമായി അധികാര - ഉദ്യോഗ - വിദ്യാഭ്യാസ മേഖലകളിൽ ഭീകരമായ വിവേചനം ആണ് നിലനിൽക്കുന്നത്. ചരിത്രപരമായ ഈ അനീതിക്ക് പരിഹാരം കാണണമെങ്കിൽ ജാതി സെൻസസ് നിർബന്ധമായും നടക്കണം.
tRootC1469263">ജാതിവ്യവസ്ഥയുടെ ആനുകൂല്യത്താൽ തങ്ങൾ നേടിയെടുത്ത അമിതാധികാരവും അധിക വിഭവങ്ങളും എല്ലാ കാലത്തും നിലനിൽക്കണമെന്നാണ് സുകുമാരൻ നായർ ആഗ്രഹിക്കുന്നത്. മേധാവിത്വ വിഭാഗങ്ങളുടെ താൽപര്യ സംരക്ഷകരായ ഭരണകൂടങ്ങൾക്കെതിരെ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളും സംഘടനകളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ജാതി സെൻസസിന് അനുകൂലമായ സാമൂഹിക മനോഭാവവും ഭരണകൂട സമീപനങ്ങളും രൂപപ്പെട്ടത്. നീതി നിഷേധത്തിന്റെ കാഠിന്യം വെളിച്ചത്തു കൊണ്ടുവരുന്ന ജാതി സെൻസസിനെ കണ്ണുരുട്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഇനിയും ഭരണകൂടങ്ങൾ കൂട്ടുനിൽക്കാൻ പാടില്ല.

അടിസ്ഥാനപരമായി ജാതി സെൻസസിനെതിരായിരിക്കുമ്പോഴും സംഘപരിവാർ സർക്കാർ സമൂഹത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെ മാനേജ് ചെയ്ത് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാൻ സ്വീകരിച്ച തന്ത്രപരമായ സമീപനമാണ് ജാതി സെൻസസ് പ്രഖ്യാപനം. എന്നാൽ ജാതി സെൻസസ് പ്രായോഗികമല്ല എന്ന നിലപാട് മോദി സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞു എന്നത് വെൽഫെയർ പാർട്ടി അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭ വിജയമാണ്. ജാതി ശക്തികളുടെ ഭീഷണിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒളിച്ചുകളിയും മറികടന്ന് ജാതി സെൻസസ് യാഥാർത്ഥ്യമാക്കാൻ ശക്തമായ ജനകീയ മുന്നേറ്റങ്ങൾ തുടർന്നും അനിവാര്യമാണെന്ന് റസാഖ് പാലേരി പറഞ്ഞു.