'ജനറിക് മരുന്നിന് ഞങ്ങള്‍ എതിരല്ല, ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നിനെതിരായ അഭിപ്രായമായി തെറ്റിദ്ധരിക്കേണ്ട'; വിശദീകരണവുമായി കെ കെ ശൈലജ
എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുന്‍ ആരോ?ഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസം സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു
എസ്എംഎ രോഗികള്‍ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തങ്ങള്‍ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാല്‍ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനും കമ്പനിക്കും കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുന്‍ ആരോ?ഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസം സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ജനറിക് മരുന്നിന് എതിരാണെന്ന വിമര്‍ശനം ഉയരുകയും ഇത് വിവാദമാവുകയും ചെയ്തതോടെയാണ് ശൈലജ ഫെയ്സ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
''സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(SMA)യ്ക്കുള്ള മരുന്നു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് മാറി മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതില്‍ സാമ്പിള്‍/ക്ലിനിക്കല്‍ ട്രയലിനുള്ളത് എന്ന ലേബലുള്ള ബോട്ടില്‍ ഉണ്ടായിരുന്നതും രക്ഷിതാക്കളില്‍ ആശങ്കയുളവാക്കി. അവരില്‍ ചിലര്‍ മുന്‍മന്ത്രി എന്ന നിലയില്‍ ഞങ്ങളെയും വിളിച്ചിരുന്നു.
നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് നല്ല ഫലം ഉണ്ടാക്കിയെന്നും കുട്ടികളില്‍ നല്ല മാറ്റം കാണുന്നു എന്നും പെട്ടന്ന് മരുന്ന് മാറിയാല്‍ അവര്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമോ എന്ന് ഭയക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ മരുന്നിന്റെ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്താനും ക്ലിനിക്കല്‍ ട്രയലിനുള്ള സാമ്പിള്‍ വിതരണം ചെയ്യാന്‍ ഇടയായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ട്. റോഷ് എന്ന വിദേശ കമ്പനിയേക്കാള്‍ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മരുന്ന് നാറ്റ് കോ എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച് നല്കിയാല് അത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.
1970 ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം 2005 ല്‍ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പേറ്റന്റടക്കം കുത്തക കമ്പനികള്‍ക്ക് നല്‍കിയത് അന്നത്തെ കേന്ദ്ര ഗവണ്മെന്റാണ്. അതുകൊണ്ടാണ് നാറ്റ്കൊയ്ക്ക് റോഷ്നെതിരെ കോടതിയെ സമീപിക്കേണ്ടി വന്നത്. കുത്തകകളുടെ പേറ്റന്റ് കാലാവധി നീട്ടിക്കൊടുത്തതും 2005 ലെ നിയമത്തിന്റെ തരക്കേടായിരുന്നു. ഇപ്പോള്‍ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് മരുന്നുല്പാദനത്തിന് അപേക്ഷിക്കാന്‍ കഴിയുന്നത്. ഒരേ രാസഘടകങ്ങളുള്ള മരുന്നിന് വിദേശ കമ്പനികള്‍ വന്‍തുക ഈടാക്കാന്‍ തയ്യാറായി
നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇക്കാലത്ത് പൂട്ടിപ്പോവുകയും ചെയ്തു. 2017 ല്‍' കേരളാ ജനറിക്' എന്ന സ്കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന് ബ്രാന്റഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തില്‍ വലിയ ആശ്വാസമുണ്ടായതെന്ന് ഞാനോര്‍ക്കുന്നു. അതായത് ജനറിക് മരുന്നിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ പുതിയ മരുന്നിന്റെ ജൈവ തുല്യത ബോധ്യപ്പെടുത്താന്‍ കമ്പനിക്കും സര്‍ക്കാരിനും കഴിയണം. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് KMSCL മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നും വ്യക്തത വരുത്തേണ്ടതുണ്ട്, അതാണ് സൂചിപ്പിച്ചത്.''
.jpg)


