വയനാട് ടൗണ്‍ഷിപ്പിലെ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

township


വയനാട് : മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം ലക്ഷ്യമാക്കി കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 149 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുങ്ങുന്നു. ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരന്ത ബാധിത ഗുണഭോക്താക്കള്‍ക്കാണ് രണ്ടാംഘട്ട നറുക്കെടുപ്പില്‍ വീടുകള്‍ നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നടുക്കെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഗുണഭോക്താക്കള്‍ക്ക് അവശ്യ രേഖകള്‍ കൈമാറുന്നതതിന് 16 കൗണ്ടറുകളാണ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കുന്നത്. 

കെ.എസ്.ഇ.ബി, നഗരസഭ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡ്, വൈദ്യുതി-കുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കൗണ്ടറുകളിലൂടെ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി യോഗത്തില്‍ അറിയിച്ചു. 149 വീടുകളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ജല അതോറിറ്റി പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറുന്നത്. നവംബറോടെ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും. രണ്ടാംഘട്ട വീടുകളുടെ വിതരണം പൂര്‍ത്തീയാകുന്നതോടെ 327 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുക. നറുക്കെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ പരിഹരിക്കുന്നതിന് ഓഡിറ്റോറിയത്തില്‍ പ്രത്യേക സഹായ കൗണ്ടര്‍ സജ്ജീകരിക്കും. 

നറുക്കെടുപ്പിന് എത്തുന്ന ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ. സുരേഷ് ബാബു, കെ. മനോജ് കുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാര്‍ഡ് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags